ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നല്‍കി നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍.
2019 ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണ ആവശ്യത്തിനായി കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച 50 ലക്ഷം രൂപയില്‍ ബാക്കി വന്ന 20 ലക്ഷം രൂപയാണ് അവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ഊര്‍മിള മതോണ്ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നിരുന്നു. നോര്‍ത്ത് മുംബൈയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച് ഊര്‍മിള രംഗത്തെത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഊര്‍മിള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നല്‍കിയ തുക കൊടുത്തത് വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്.
” തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി തുക നല്‍കുന്നത്. ആ പണം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണ്. അതില്‍ തുക ബാക്കിവന്നാല്‍ അത് പാര്‍ട്ടിയെ തിരികെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അങ്ങനെയാണ് സാധാരണ ആളുകള്‍ ചെയ്ത് വരുന്നതും,” കോണ്‍ഗ്രസിന്റെ ട്രഷറര്‍ സുരേഷ് ഷെട്ടി പറഞ്ഞു.
എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ബലാസഹേബ് തോററ്റിന്റെ അനുമതിയോടെയാണ് തുക സംഭാവന ചെയ്തതെന്ന് ഊര്‍മിള മതോണ്ഡ്കര്‍ പറഞ്ഞു.
” മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ അനുമതിയോടെയാണ് തുക സംഭാവന ചെയ്തത്. ചില ഗൂഢലക്ഷ്യക്കാര്‍ അനാവശ്യമായി സംഭാവനയെക്കുറിച്ച് കഥകള്‍ പ്രചരിപ്പിക്കുകയാണ്.
മഹാമാരിക്കാലത്ത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാണ് തുക ഉപയോഗിക്കുക” ഊര്‍മിള പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണ ചിലവുകള്‍ക്കായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോക് സുത്രാലെയുമായി ചേര്‍ന്ന് ഊര്‍മിള ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. 70 ലക്ഷം രൂപയില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചിലവിടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശവുമുണ്ടായിരുന്നു.
ഊര്‍മിളയുടെ അക്കൗണ്ട് വിവരങ്ങള്‍ പ്രകാരം 30 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത്. ശിവസേ ഊര്‍മിള മതോണ്ഡ്കറിന്റെ പേര് സ്റ്റേറ്റ് ലെജിസ് ലേറ്റീവ് കൗണ്‍സിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.