| Tuesday, 1st December 2020, 9:14 pm

കങ്കണയുടെ കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല, അത്ര പ്രാധാന്യം അവര്‍ക്ക് നല്‍കേണ്ട; ഊര്‍മിള മഡോദ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കങ്കണ റണൗത്ത് -ശിവസേന വാക്‌പോരില്‍ പ്രതികരണവുമായി നടി ഊര്‍മിള മഡോദ്കര്‍. കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ഔദ്യോഗിക അംഗത്വം സ്വീകരിച്ചതിനു പിന്നാലെയാണ് ഊര്‍മിളയുടെ പ്രതികരണം. താന്‍ കങ്കണയുടെ ആരാധികയല്ലെന്നാണ് ഊര്‍മിള പറഞ്ഞത്.

കങ്കണയുടെ കാര്യത്തില്‍ ഇനി പുതുതായി ഒന്നും പറയാനില്ല. അവര്‍ക്ക് അത്രയും പ്രാധാന്യം ഇപ്പോള്‍ കൊടുക്കേണ്ടതുമില്ല. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. കങ്കണയും അതുപയോഗിക്കുന്നു. എന്റെ അഭിമുഖങ്ങളില്‍ ഒന്നിലും കങ്കണയെപ്പറ്റി മോശമായ രീതിയില്‍ സംസാരിച്ചിട്ടില്ലെന്ന് ഈ നിമിഷത്തില്‍ പറയാനാഗ്രഹിക്കുന്നു, ഊര്‍മിള മാധ്യങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ചയാണ് ഊര്‍മിള ശിവസേനയില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കങ്കണ വിഷയത്തില്‍ അവര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ നടി കങ്കണാ റണൗട്ടും ശിവസേനാ എം.പി സഞ്ജയ് റാവത്തും തമ്മിലുള്ള വഴക്കില്‍ പങ്കാളിയായ ഊര്‍മ്മിള മുംബൈയ്ക്ക് വേണ്ടി ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.

നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയെ പാക്ക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചതിനെ തുടര്‍ന്നായിരുന്നു വാക്പോര്. വഴക്കില്‍ പങ്കുചേര്‍ന്ന ഊര്‍മ്മിള കങ്കണയെ രാജസ്ഥാനിലെ റുദാലി (രാജസ്ഥാനില്‍ സവര്‍ണ്ണര്‍ മരണപ്പെടുമ്പോള്‍ വിലപിക്കാന്‍ വേണ്ടി വിളിക്കുന്ന സ്ത്രീകള്‍)യോട് ഉപമിച്ചിരുന്നു.

കങ്കണ അനാവശ്യമായി ഇര കളിക്കുകയാണെന്നും സ്ത്രീകാര്‍ഡ് ഇറക്കുകയാണെന്നും കങ്കണ ശരിക്കും പോരാടേണ്ടത് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് ഭീഷണിയോട് ആണെന്നും ഊര്‍മ്മിള പരിഹസിച്ചിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മിള രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Urmila Mathondkar Comments On Kangana Ranuat Controversy

We use cookies to give you the best possible experience. Learn more