മുംബൈ: ആര്‍.ബി.ഐ മുന്‍ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വെക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സൂചിപ്പിച്ചുകൊണ്ട് തനിക്ക് കത്ത് എഴുതിയിരുന്നെന്നും പ്രധാനമന്ത്രി എ.എന്‍.ഐയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
“ഗവര്‍ണര്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് ഞാന്‍ ആദ്യമായി തുറന്ന് പറയുകയാണ്, രാജി വെക്കുന്നതിനും ആറേഴു മാസം മുമ്പ് അദ്ദേഹം എന്നോട് സ്ഥാനം ഒഴിയുന്നതിനെ പറ്റി പറഞ്ഞിരുന്നു. ഇതേ ആവശ്യം അദ്ദേഹം എനിക്ക് എഴുതിത്തരികയും ചെയ്തു. വ്യക്തിപരമായി എനിക്കദ്ദേഹം അയച്ചു തന്നതാണത്”- മോദി പറഞ്ഞു.
പട്ടേലിന്റെ രാജിക്കു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നോ എന്ന ചോദ്യം മോദി നിരസിച്ചു. ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ എന്ന നിലയില്‍ പട്ടേല്‍ നല്ല രീതിയില്‍ ജോലി ചെയിതിരുന്നു.”എന്നായിരുന്നു മോദിയുടെ മറുപടി.
ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബാങ്കിന്റെ സ്വതന്ത്രാധികാരത്തെ കുറിച്ച് ഗവണ്‍മെന്റുമായി ഒരു മാസം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് പട്ടേലിന്റെ രാജി.
ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ വിമര്‍ശിച്ച് ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ രംഗത്തെത്തിയതോടെയാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം വഷളായത്. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി ആര്‍.ബി.ഐയെ കരുവാക്കുകയാണെന്ന വ്യാപകം പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഊര്‍ജിത് പട്ടേലില്‍ ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ സ്ഥാനമൊഴിഞ്ഞത്.
ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് ആര്‍.ബി.ഐ ഗവര്‍ണറായി ധനകാര്യ കമ്മീഷന്‍ അംഗം ശക്തികാന്തദാസിനെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഗവര്‍ണറായി നിയമിച്ചിരുന്നു.