| Monday, 4th March 2019, 11:41 am

രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുക, യൂറിയ ഇറക്കുമതി നിര്‍ത്തുക: നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതില്‍ നിന്ന് കീടനാശിനി ഉണ്ടാക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് കീടനാശിനി ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ യംങ്ങ് ഇന്നവേറ്റേഴ്‌സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

ജൈവ മാലിന്യങ്ങളില്‍ നിന്നും ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും ഗഡ്കരി ചടങ്ങില്‍ ഓര്‍മിപ്പിച്ചു. മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും, അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ നമ്മള്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുകായണെങ്കില്‍ നമുക്ക് പിന്നെ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. അത്രയ്ക്ക് കഴിവുണ്ടതിന്. ഒന്നും വെറുതെയാവുകയുമില്ല”- കേന്ദ്ര മന്ത്രി പറഞ്ഞു.

Also Read മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി; തീവണ്ടി കോച്ചിന് തീയിട്ട് ഗോധ്ര തീവണ്ടി കത്തിക്കല്‍ പുനരാവിഷ്‌കരിച്ച് അണിയറപ്രവര്‍ത്തകര്‍

എന്നാല്‍ തന്റെ നവീനമായ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി. “മറ്റുള്ള ആളുകള്‍ ഞാനുമായി സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം അടിപൊളിയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലും എന്നെ സഹായിക്കില്ല. കാരണം സര്‍ക്കാറില്‍ ആളുകളെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്ന മദം പൊട്ടിയ കാളകളെപ്പോലെ പെരുമാറാനാണ് പരിശീലിപ്പിക്കുന്നത്”- ഗഡ്കരി പറഞ്ഞു

താന്‍ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും, ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലെ ചെടികള്‍ക്കും മറ്റും തന്റെ മൂത്രം ഉപേയാഗിക്കാറുണ്ടെന്നും ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു.

മുടിയില്‍ നിന്ന് അമിനോ ആസിഡ് നിര്‍മിക്കുന്നതിനെ പറ്റിയും ഗഡ്കരി പറഞ്ഞു. താന്‍ ഇത് പരീക്ഷിച്ചതാണെന്നും, ഇത്തരത്തിലുണ്ടാക്കിയ കീടനാശിനി ഉപയോഗിച്ച് തനിക്ക് 25 ശതമാനം വരെ അധികം വിളവെടുക്കാന്‍ കഴിഞ്ഞതായും ഗഡ്കരി അവകാശപ്പെട്ടു. നാഗ്പൂരില്‍ നിന്നും ആവശ്യത്തിന് മുടി ലഭിക്കാതെ വന്നപ്പോള്‍ താന്‍ തിരുപ്പതി ക്ഷേത്രത്തില്‍ നിന്ന് അഞ്ച് ട്രക്ക് മുടി കൊണ്ടു വന്നെന്നും ഗഡ്കരി പറഞ്ഞു.

We use cookies to give you the best possible experience. Learn more