ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കര്‍ പോസ്റ്ററുകള്‍
Daily News
ഉറി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കര്‍ പോസ്റ്ററുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th October 2016, 5:38 pm

ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുന്ന ലഷ്‌കര്‍ പോസ്റ്ററുകള്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമമായ ഗുജറാന്‍വാലിയില്‍ പ്രത്യക്ഷപ്പെട്ടു. 


ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടന ലഷ്‌കര്‍ ഇ ത്വയ്ബ.

ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെടുന്ന ലഷ്‌കര്‍ പോസ്റ്ററുകള്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമമായ ഗുജറാന്‍വാലിയില്‍ പ്രത്യക്ഷപ്പെട്ടു.

ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അനസ്, അബു സാറാഖാ എന്നിവരുടെ പേരിലാണ് ലഷ്‌കര്‍ പോസ്റ്ററുകള്‍ പതിച്ചത്. ഇവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് ഈ പോസ്റ്ററുകള്‍ പതിച്ചത്.

ഇന്ത്യയിലെ സൈനിക ക്യാംപില്‍ ആക്രമണം നടത്തുന്നതിനിടെ കൊല്ലപ്പെട്ട മുഹമ്മദ് അനസ് എന്ന യുവാവിനെ രക്തസാക്ഷിയെന്നാണ് പോസ്റ്ററുകളില്‍ വിശേഷിപ്പിക്കുന്നത്. ഉറുദുവില്‍ എഴുതിയ പോസ്റ്ററില്‍ 177 ഇന്ത്യന്‍ സൈനികരെ നരകത്തിലേക്ക് അയയ്ക്കാന്‍ സാധിച്ചുവെന്നും അവകാശപ്പെടുന്നു. പോസ്റ്ററുകളില്‍ കൊല്ലപ്പെട്ടതെന്നു സംശയിക്കുന്ന യുവാവിന്റെ ചിത്രവുമുണ്ട്.

കൂടാതെ ഉറി ആക്രമണത്തില്‍ പങ്കെടുത്ത് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരനുവേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടന്നുവെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പോസ്റ്ററില്‍ പേരുള്ള മുഹമ്മദ് അനസ് ഗുജറാന്‍വാലാ സ്വദേശിയാണ്. ആക്രമണം നടന്ന ആദ്യ ദിവസങ്ങളില്‍ നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണെന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ സംശയം.

സെപ്തംബര്‍ 18നായുരുന്നു ഉറിയിലെ 12-ാമത് ഇന്‍ഫന്‍ട്രി റെജിമെന്റ്  ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. 20 ജവാന്‍മാരാണ് സംഭവത്തില്‍ വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്നായിരുന്നു അവരുടെ വിശദീകരണം. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഏറ്റെടുത്തതോടെ പാക്കിസ്ഥാന്റെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഉറി ആക്രമണത്തിനു തിരിച്ചടിയെന്നോണം ഇന്ത്യന്‍ സൈന്യം പാക്ക് അധിനിവേശ കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളില്‍ മിന്നലാക്രമണം നടത്തിയിരുന്നു.