ബം​ഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് യു.എൻ മനുഷ്യാവകാശ മേധാവി
World News
ബം​ഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് യു.എൻ മനുഷ്യാവകാശ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th July 2024, 11:08 am

ന്യൂദല്‍ഹി: തൊഴില്‍ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ ആഴ്ചകളായി തുടരുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ റിപ്പോര്‍ട്ട് തേടി യു.എന്‍. അടിയന്തിരമായി മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിയമങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് യു.എന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ നടുക്കിയ പ്രതിഷേധത്തില്‍ 170ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ നിരവധി പേര്‍ക്ക് വൈദ്യസഹായം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പ്രക്ഷോഭത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും പ്രതിപക്ഷ നേതാക്കളടക്കം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായും വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.

രാജ്യത്ത് തകര്‍ക്കപ്പെട്ട പൊതുവിശ്വാസം പുനഃസ്ഥാപിക്കണമെന്നും അക്രമത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തണമെന്നും ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ ആളുകളെയും സ്വതന്ത്രമായും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായും ആശയവിനിമയം നടത്താന്‍ അനുവദിക്കുന്നതിന് ഇന്റര്‍നെറ്റ് ആക്‌സസ് പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്റര്‍നെറ്റ് തടഞ്ഞുവെക്കുന്നത് പോലെയുള്ള മൂര്‍ച്ചയുള്ള നടപടികള്‍ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെയും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തെയും ബഹുമാനിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ ബാധ്യതകളെ അത് ബാധിക്കുന്നു. ആരോപിക്കപ്പെടുന്ന എല്ലാ മനുഷ്യാവകാശ ലംഘനങ്ങളിലും നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യു.എന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തന്റെ ഓഫീസിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നാലെ അടുത്തിടെ തൊഴില്‍ സംവരണം ബംഗ്ലാദേശ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് 93 ശതമാനം സര്‍ക്കാര്‍ ജോലികളും സംവരണമില്ലാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തുറന്നുകൊടുക്കാന്‍ കോടതി ഉത്തരവിട്ടതായി അറ്റോര്‍ണി ജനറല്‍ എ.എം. അമിന്‍ ഉദ്ദീനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2018ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ ജോലികള്‍ക്കുള്ള സംവരണ സമ്പ്രദായം ഒഴിവാക്കിയിരുന്നു. എന്നാല്‍, ജൂണില്‍ കീഴ്‌ക്കോടതി ഇത് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കി.

സംവരണത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്നത് വര്‍ധിച്ചതോടെ ഇത് വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലേക്ക് നയിക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റുമുട്ടലില്‍ 150 പേരെങ്കിലും കൊല്ലപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം വലിയ തോതില്‍ വ്യാപിച്ചതോടെ രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

Content Highlight: ‘Urgently Disclose Full Details’ on Protests: UN Human Rights Chief to Bangladesh Government