ഇടത് പാര്‍ട്ടികളുടെ ഏകോപനം അത്യാവശ്യം; സി.പി.ഐ
ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടത് ഏകോപനം അത്യാവശ്യമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 15 സീറ്റുകളെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എമ്മുമായുള്ള ഏകോപനം സി.പി.ഐയുടെ വളരെക്കാലത്തെ ആവശ്യമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് എത്രയും പെട്ടെന്ന് നടക്കണമെന്ന് റെഡ്ഡി പറയുന്നു.
‘ഇടത് ഏകോപനം മാത്രമല്ല പരിഹാരം. എന്നാല്‍ രാജ്യത്തെ ഇടതുപക്ഷ വ്യവഹാരങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ ഇതിന് കഴിയും. എല്ലാ ഇടത് പാര്‍ട്ടികളും ഇതിനെക്കുറിച്ച് ചിന്തിക്കണം’- റെഡ്ഡി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം വമ്പിച്ച തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. 34 വര്‍ഷം പാര്‍ട്ടി ഭരിച്ച ബംഗാളില്‍ ഈ വര്‍ഷം 7.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ‘ബംഗാളിലെ സാഹചര്യം മുമ്പും പ്രതികൂലമായിരുന്നു. എന്നാല്‍ ഇത് മെച്ചപ്പെടുത്താമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ അത് നടന്നില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സെക്രട്ടറി എന്ന നിലയ്ക്ക് തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇടത് പാര്‍ട്ടികള്‍ക്ക് 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സി.പി.ഐ.എമ്മിന് മൂന്നും സി.പി.ഐക്ക് രണ്ടും. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും മാത്രമാണ് ഇരു പാര്‍ട്ടികള്‍ക്കും സീറ്റുകള്‍ ലഭിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആര്‍.എസ്.എസിനെതിരെ കൂടുതല്‍ ശക്തമായി പോരാടാന്‍ ഇടത് ഐക്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബിനോയ് വിശ്വം നേരത്തെ പറഞ്ഞിരുന്നു. 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവാനുണ്ടായ കാരണങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അപ്രസക്തമാണെന്നും സി.പി.െഎയില്‍ വിലയിരുത്തലുണ്ടായിരുന്നു.