തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തെപ്പറ്റി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. എം. കെ മുനീര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.
തുടര്‍ന്ന് കൊവിഡ് രോഗവ്യാപനം അനിയന്ത്രിതമാണെന്നും മരണനിരക്ക് കുറച്ചുകാണിക്കുകയാണെന്നും വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.
സംസ്ഥാനത്തെ മരണനിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമമുണ്ടെന്ന് എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞിരുന്നു. കൂടാതെ വാക്‌സിനേഷനില്‍ പത്തനംതിട്ടയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പിന്നാലെ പ്രതിപക്ഷത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി. ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ മരണനിരക്ക് കുറച്ചുകാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ രേഖ അനുസരിച്ചാണ് മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇതുവരെ 25,26,579 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും 9009 കോവിഡ് മരണങ്ങള്‍ കേരളത്തില്‍ ഉണ്ടായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മെഡിക്കല്‍ കപ്പാസിറ്റി വര്‍ധിപ്പിച്ചത് മരണനിരക്ക് കുറച്ചു. കേരളം ഒറ്റക്കെട്ടായിയാണ് കൊവിഡിനെ നേരിട്ടതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ ഇകഴ്ത്താന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ദമാകുകയായിരുന്നു.
മന്ത്രിയുടെ സര്‍ക്കാരിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്ത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്ത്തി എന്ന വാക്ക് മന്ത്രി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Urgent Motion Notice Over Covid Surge Denied