Entertainment news
ആവറേജ് സ്‌ക്രിപ്റ്റ് ആണെങ്കില്‍ പോലും അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാക്കി ജോഷിയേട്ടന്‍ മാറ്റും, അദ്ദേഹം ഒരു ലെജന്‍ഡാണ്: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 26, 02:39 am
Tuesday, 26th July 2022, 8:09 am

ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് പാപ്പന്‍. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രൊമോഷന്‍ പരിപാടികളാണ് നടക്കുന്നത്.

ജോഷി എന്തുകൊണ്ടാണ് ലെജന്‍ഡ് ആയി നില്‍ക്കാന്‍ കാരണം എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ആവറേജ് സ്‌ക്രിപ്റ്റ് ആണെങ്കില്‍ പോലും അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയായെ ജോഷി എടുക്കുകയുള്ളൂ എന്നും വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ജോഷി സാര്‍ തലമുറകളായി നില്‍ക്കുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഫ്രഷ് ആണ്. ജോഷി സാര്‍ ഒരു ലെജന്‍ഡ് ആയി നില്‍ക്കാന്‍ കാരണം എന്തായിരിക്കുമെന്നാണ് അവതാരകന്‍ ചോദിച്ചത്.

അതിന് സുരേഷ് ഗോപി നല്‍കിയ ഉത്തരം ഇങ്ങനെയാണ്. ‘ഇന്ത്യയിലെ ആദ്യത്തെ ഹോം തിയേറ്റര്‍ ജോഷിയേട്ടന്റെ വീട്ടിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്, അല്ല പ്രസ്താവിക്കുന്നത്. എണ്‍പതുകളുടെ പകുതി തൊട്ട് ഞാന്‍ കാണാന്‍ തുടങ്ങിയതാണ്. അന്ന് വീഡിയോ പ്രൊജക്ടറും റോള്‍ ചെയ്ത് വെക്കുന്ന സ്‌ക്രീനും ഒക്കെ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു.

അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ആ റൂമിലേക്ക് ചെല്ലാന്‍ പറയും. എന്നിട്ട് ഓരോ സിനിമകള്‍ കാണിച്ചുതരും. ജോഷിയേട്ടന്‍ കാണാത്ത സിനിമകള്‍ ഇല്ലെന്ന് തോന്നുന്നു. ഇപ്പോഴത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് അത്രത്തോളം അറിവ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ടെന്ന് പറഞ്ഞാലും ഞാന്‍ വിശ്വസിക്കുന്നില്ല.

വായനയല്ല, ഒബ്‌സര്‍വേഷനാണ്. ഒരു നാല് വര വരച്ചാല്‍ പിന്നെ ജോഷിയേട്ടന് ഭാര്യയുമില്ല, ഫാമിലിയുമില്ല. ഒരു ആവറേജ് സ്‌ക്രിപ്റ്റ് ആണെങ്കില്‍ പോലും അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയായെ നിങ്ങള്‍ കണ്ടിട്ടുണ്ടാവൂ. വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളത്. അദ്ദേഹം സിനിമ പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് കൊണ്ടാണ് ലെജന്‍ഡ് ആയി നില്‍ക്കാന്‍ പറ്റുന്നത്,’ സുരേഷ് ഗോപി പറഞ്ഞു.

മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

പൊറിഞ്ചു മറിയം ജോസ് ആണ് ജോഷി സംവിധാനം ചെയ്ത അവസാന ചിത്രം. നൈല ഉഷ. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഈ സിനിമക്ക് ലഭിച്ചത്.

Content Highlight: Suresh Gopi Even if it’s an average script, Joshy will make it a super hit, he’s a legend