ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഉര്‍ദു എഴുത്തുകാരന്‍ മുജ്തബ ഹുസൈന്‍ പദ്മശ്രീ പുരസ്‌കാരം തിരികെ നല്‍കി. രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അദ്ദേഹം ‘ദ ഹിന്ദു’വിനോടു പറഞ്ഞു. 2007-ലാണ് അദ്ദേഹത്തിനു പദ്മശ്രീ ലഭിച്ചത്.
‘രാജ്യത്തെ അരക്ഷിതാവസ്ഥ, ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാന്തരീക്ഷം, വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ ജ്വാലകള്‍ എന്നിവയൊക്കെ യഥാര്‍ഥത്തില്‍ അസ്വസ്ഥപ്പെടുത്തുന്നു. നമ്മള്‍ വളരെ യാതന അനുഭവിച്ചും പ്രയത്‌നിച്ചും പ്രവര്‍ത്തിച്ച ജനാധിപത്യം തകര്‍ക്കപ്പെടുന്നത് അപലപനീയമാണ്.
ഈ സാഹചര്യങ്ങളില്‍ ഏതെങ്കിലും സര്‍ക്കാര്‍ പുരസ്‌കാരം എന്റെ കൈയില്‍ വെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്റെ 87-ാം വയസ്സിലാണ്. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്താണ് എനിക്കു കൂടുതല്‍ ആശങ്ക. എന്റെ കുട്ടികള്‍ക്കും അടുത്ത തലമുറയ്ക്കുമായി ഞാനിവിടെ വിട്ടിട്ടുപോകുന്ന രാജ്യത്തെക്കുറിച്ച്.’- അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വിദ്യാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും അടക്കം ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.
നേരത്തേ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് രംഗത്തെത്തിയിരുന്നു. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ആദ്യം അവര്‍ മുസ്ലിങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, പിന്നീട് മറ്റുള്ള മതസ്ഥരെ. അതിനുശേഷം അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു മാര്‍ഗം കണ്ടുപിടിക്കും. വിദ്വേഷത്തിനായി അവര്‍ എപ്പോഴും ഒരു വഴി കണ്ടുപിടിക്കും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ.’- അദ്ദേഹം ട്വീറ്റ് ചെയ്തു.