ഹിന്ദു, ഇസ്‌ലാം മതങ്ങളില്‍ വിവാഹത്തിന് വിശുദ്ധ സ്ഥാനം; സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ആവശ്യത്തിന് പിന്നില്‍ നഗര കേന്ദ്രീകൃത വരേണ്യബോധം: കേന്ദ്രസര്‍ക്കാര്‍
national news
ഹിന്ദു, ഇസ്‌ലാം മതങ്ങളില്‍ വിവാഹത്തിന് വിശുദ്ധ സ്ഥാനം; സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ആവശ്യത്തിന് പിന്നില്‍ നഗര കേന്ദ്രീകൃത വരേണ്യബോധം: കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th April 2023, 2:54 pm

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ആവശ്യത്തിന് പിന്നില്‍ സാമൂഹ്യ സ്വീകാര്യത നേടിയെടുക്കാനുള്ള കേവലമായ നഗര കേന്ദ്രീകൃത വരേണ്യ ബോധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ലൈവ് ലോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് മാത്രം അംഗീകാരം നല്‍കുന്നത് വിവേചനപരമല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
പരമ്പരാഗതവും പൊതുവില്‍ അംഗീകരിക്കപ്പെട്ടതുമായ വിവാഹമെന്ന സങ്കല്‍പത്തിന് എതിരാണ് സ്വവര്‍ഗ വിവാഹമെന്നും ഇന്ത്യയുടെ സാമൂഹ്യ പശ്ചാത്തലത്തിലും മതങ്ങള്‍ക്കുള്ളിലും വിവാഹത്തിന് പ്രത്യേകമായ സ്ഥാനമാണുള്ളതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിന്ദു മതവിശ്വാസ പ്രകാരവും ഇസ്‌ലാം മതവിശ്വാസ പ്രകാരവും വിവാഹം എന്ന സങ്കല്‍പം വിശുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം.

വിവാഹമെന്നത് വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ മാത്രമുള്ള ജീവിത സംവിധാനമായി ക്രമീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും (Exclusively heterogenous institution), വിവാഹത്തിന് അംഗീകാരം നല്‍കുന്നത് നിയമപരമായ ചുമതലയാണെന്നും ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് കോടതി വിട്ട് നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

സ്വവര്‍ഗ വിവാഹങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന രണ്ടാമത്തെ സത്യവാങ്മൂലമാണിത്. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ഹരജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ 18ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം തങ്ങളുടെ വാദവുമായി കോടതിയിലെത്തിയിരിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിവാഹത്തിന് മാത്രം അംഗീകാരം നല്‍കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികളാണ് സുപ്രീംകോടതിയിലെത്തിയിരുന്നത്. ഇത് എല്‍.ജി.ബി.റ്റി.ക്യു.ഐ.എ+ കമ്മ്യൂണിറ്റിക്കെതിരായ വിവേചനമാണെന്നും അവരുടെ മൗലികാവകാശങ്ങളുടെയും സ്വകാര്യതയുടെയും ലംഘനമാണെന്നുമാണ് ഹരജികളില്‍ പറഞ്ഞിട്ടുള്ളത്.

നേരത്തെ സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ വിവിധ മത നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ജം ഇയ്യത്ത് ഉലമ എ ഹിന്ദ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ്, അകാല്‍ തക്ത്, അജ്മീര്‍ ദര്‍ഗയില്‍ നിന്നുള്ള പ്രതിനിധികള്‍, ജൈന സമൂഹത്തില്‍ നിന്നുള്ള ഗുരുക്കന്മാര്‍ എന്നിവരാണ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. സ്വവര്‍ഗ വിവാഹം സ്വാഭാവികമായ കുടുംബക്രമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ആര്‍.എസ്.എസും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

സ്വവര്‍ഗാനുരാഗികളുടെ വിവാഹം നിയമപരമാക്കണമെന്ന ആവശ്യത്തിലൂടെ വിവാഹമെന്ന ആശയത്തിന്റെ അന്തസത്തയെ ഹരജിക്കാര്‍ ചോദ്യം ചെയ്യുകയാണെന്നാണ് മതനേതാക്കള്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കാന്‍ ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി രംഗത്തെത്തിയിരുന്നു. സ്വവര്‍ഗ ദമ്പതികള്‍ മാതാപിതാക്കളാകാന്‍ യോഗ്യരല്ലെന്ന വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും സൊസൈറ്റി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

എല്‍.ജി.ബി.റ്റി.ക്യു.ഐ.എ+ കമ്മ്യൂണിറ്റിയിലെ വ്യക്തികളെ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ പരിഗണിക്കുമെന്നും വിവാഹം, ദത്തെടുക്കല്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ എല്ലാ പൗരാവകാശങ്ങളും ഇവര്‍ക്കും അനുവദിക്കണമെന്നും, ഇക്കാര്യങ്ങളില്‍ വിവേചനമുണ്ടാകുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights:urban elite views are behind the same sex marriage pleas