| Monday, 16th May 2022, 8:18 pm

കൂളിമാട് പാലം: ബീം ചരിഞ്ഞത് നിര്‍മാണത്തകരാറല്ല, താങ്ങിനിര്‍ത്തിയ ജാക്കിക്കുക്കുണ്ടായ കേടുപാട്: ഊരാളുങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് പാലത്തിന്റെ ബീം ചരിയാന്‍ ഇടയായത് അത് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളില്‍ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ടാണെന്ന് ഊരാളുങ്കല്‍ സര്‍വീസ് സെസൈറ്റി.

നിര്‍മാണത്തകരാറൊ അശ്രദ്ധയൊ അല്ല, മറിച്ച് നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രമാണ് സംഭവിച്ചത്. മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ തുണുകളില്‍ ഉറപ്പിക്കുന്നത് തൂണിനു മുകളില്‍ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്‍ത്തിനിര്‍ത്തും. എന്നിട്ട് അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്‌റ്റ്രെസിങ്ങും ചെയ്യുമെന്നും ഊരാളുങ്കല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതിനുശേഷം ബീം മെല്ലെ താഴ്ത്തി അതിനു മുകളില്‍ ഉറപ്പിക്കും. ഇതാണു രീതി. ജാക്കികള്‍ ഉപയോഗിച്ചാണ് ഒരു ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ പ്രവര്‍ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇപ്രകാരം ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാതാകുകയായിരുന്നു.

അതോടെ ആ ബീം മറുവശത്തേക്കു ചരിഞ്ഞു. ഈ നിര്‍മ്മാണത്തില്‍ ഒരു സ്പാനിനെ(സ്ലാബിനെ) താങ്ങിനിര്‍ത്താന്‍ മൂന്നു ബീമുകളാണു വേണ്ടത്. അതില്‍ ഒരു അരികിലെ ബീമാണു ചാഞ്ഞതെന്നും ഊരാളുങ്കല്‍ പറഞ്ഞു.

അതു നടുവിലെ ബീമില്‍ മുട്ടി. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണു മറിഞ്ഞത്. നിര്‍മ്മാണമെല്ലാം തികഞ്ഞ ഗുണമേന്മയോടെതന്നെയാണു നടന്നുവരുന്നത്. ഇത് നിര്‍മ്മാണത്തകരാറല്ല, നിര്‍മ്മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനു പെട്ടെന്നുണ്ടായ തകരാര്‍ മാത്രമാണ്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജാക്കി പൊടുന്നനെ പ്രവര്‍ത്തിക്കാതായതാണ്. മാനുഷികമോ നിര്‍മ്മാണപരമോ ആയ എന്തെങ്കിലും പിഴവ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

CONTENT HIGHLIGHTS: Uralungal Says Koolimad Bridge the tilt of the beam was not due to a construction fault

We use cookies to give you the best possible experience. Learn more