തിരുവനന്തപുരം: നിര്‍മാണ രംഗത്ത് ആഗോള നിലവാരത്തിലുള്ള കുതിപ്പ് നടത്തി കൊണ്ടിരിക്കുന്ന കേരളത്തിലെ തൊഴിലാളി കൂട്ടായ്മയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്)യുടെ നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. വടകര മടപ്പള്ളി ഗവണ്‍മെന്റ് വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്ത് നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമായത്.
അസമത്വവും ചൂഷണവും മുഖമുദ്രയായ കോര്‍പറേറ്റുകള്‍ക്കെതിരായ ജനപക്ഷ ബദലാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അപവാദങ്ങള്‍ക്ക് ഇടം കൊടുക്കാതെയാണ് നൂറ് വര്‍ഷക്കാലം ഊരാളുങ്കല്‍ പ്രവര്‍ത്തിച്ചതെന്നും സുതാര്യവും അഴിമതിരഹിതവുമായ ലോക കേരള മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അതി സമ്പന്നരായ വ്യവസായികളുടെ നിര്‍മാണ കമ്പനികളോട് മത്സരിച്ചു കൊണ്ടാണ് ഊരാളുങ്കല്‍ മുന്നേറിയത്. പുതിയ കാലത്തിന്റെ സാങ്കേതികവിദ്യയും അതിനനുസൃതമായ തൊഴില്‍ ശേഷിയും വികസിപ്പിച്ചാണ് ഊരാളുങ്കല്‍ പ്രതിസന്ധികളെ മറികടന്നത്. നിര്‍മാണങ്ങള്‍ക്ക് പുറമേ ഐ.ടി, ടൂറിസം, കൃഷി, നൈപുണ്യ വികസനം, കരകൗശലം മുതല്‍ നിര്‍മിത ബുദ്ധിയില്‍ വരെ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോക പുരസ്‌കാരങ്ങളേക്കാള്‍ വലുതാണ് ജനമനസുകളില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിച്ച അംഗീകാരം. ഈ ജനകീയ മഹാസംരംഭത്തെ തകര്‍ക്കാന്‍ പല ശ്രമങ്ങളും നടന്നെങ്കിലും ജനങ്ങളുടെ മഹാസംരക്ഷണത്താല്‍ അവര്‍ മുന്നോട്ട് പോകുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.