|

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി യു-സ്ഫിയര്‍ ആരംഭിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്
  • നൂറാം വാര്‍ഷികത്തില്‍ സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ സ്മാര്‍ട്ട് നിര്‍മാണത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു
  • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു
  • യു-സ്ഫിയര്‍ വഴി സാമൂഹിക ഉന്നമനത്തിനായുള്ള സഹകരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബര്‍ കോണ്‍ട്രാക്റ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്) പരമ്പരാഗത നിര്‍മാണത്തെക്കാള്‍ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന രീതിയിലുള്ള നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ അത്യാധുനിക, ഹൈടെക്, പരിസ്ഥിതി സൗഹൃദ കെട്ടിടനിര്‍മാണ സംരംഭമായ യു-സ്ഫിയറിന് തുടക്കം കുറിച്ചു.

യു.എല്‍.സി.സി.എസ് 100-ാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാര്‍, സുസ്ഥിര നിര്‍മാണ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി, അടുത്ത തലമുറ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ മുന്‍നിരയിലെത്തിക്കുവാന്‍ പര്യാപ്തമായതാണ് പുതിയ സംരംഭം.

കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,000 ജീവനക്കാരെ നിയമിക്കാന്‍ യു-സ്ഫിയര്‍ പദ്ധതിയിടുന്നു. പൊതു അടിസ്ഥാന സൗകര്യങ്ങള്‍, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ 2,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന്റെ ഉന്നമനത്തിന് പ്രതിജ്ഞാബദ്ധമായ യു.എല്‍.സി.സി.എസിന്റെ വിജയകരമായ കേരള മോഡല്‍ യു-സ്ഫിയറിലൂടെ ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്.

സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചറിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നിര്‍മാണ വേഗത മെച്ചപ്പെടുത്തുന്നതിനും വിഭവ വിനിയോഗം ഫലപ്രദമാക്കുന്നതിനും എ.ഐ അധിഷ്ഠിത അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്-അധിഷ്ഠിത മോണിറ്ററിങ്, ഡിജിറ്റല്‍ പ്രോജക്റ്റ് മാനേജ്മെന്റ് എന്നിവ യു-സ്ഫിയര്‍ സംയോജിപ്പിക്കും.

റോഡുകളും പാലങ്ങളും ബില്‍ഡിങ്ങുകളും മുതല്‍ ഐ.ടി പാര്‍ക്കുകള്‍ വരെയുള്ള 8,000ത്തിലധികം പദ്ധതികള്‍ പൂര്‍ത്തീകരിച്ചുകൊണ്ട് ഒരു നൂറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുന്‍നിരയിലുണ്ടെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും ജീവിതം മെച്ചപ്പെടുത്തുന്നതിലൂടെയും സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുന്ന തങ്ങളുടെ ദൗത്യം മാറ്റമില്ലാതെ തുടരുമെന്നും യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

യു-സ്ഫിയറിലൂടെ സ്മാര്‍ട്ട്, സുസ്ഥിര, ഹൈടെക് നിര്‍മാണത്തിന്റെ പുതിയ യുഗത്തിലേക്ക് തങ്ങള്‍ ഊരാളുങ്കലിന്റെ പാരമ്പര്യത്തെ എത്തിക്കുകയാണ്. വേഗത, പുതുമ, പരിസ്ഥിതി-സാമൂഹിക-സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, ഈ വ്യവസായത്തിന്റെ ഭാവി പുനര്‍നിര്‍വചിക്കാന്‍ തങ്ങള്‍ ഒരുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന ഊര്‍ജ്ജക്ഷമതയുള്ള ഡിസൈനുകളും സുസ്ഥിര നിര്‍മാണ മാര്‍ഗങ്ങളും സ്വീകരിക്കുന്നതിലായിരിക്കും യു-സ്ഫിയര്‍ ശ്രദ്ധിക്കുക. ഓരോ ഘട്ടത്തിലും വളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യകളുമായി ചേര്‍ന്ന് പോകാന്‍ തങ്ങളുടെ തൊഴിലാളികളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ, തങ്ങളുടെ നിര്‍മാണ ശേഷികള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനായി പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളും വ്യവസായ വിദഗ്ധരും ഉള്‍പ്പെടെയുള്ള പങ്കാളികളുമായി സഹകരിക്കും. നിര്‍മാണ മേഖലയിലെ ഒരു സമ്പൂര്‍ണ സേവന ദാതാവായി യു-സ്ഫിയറിനെ മാറ്റിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളെ കൂടുതല്‍ മികച്ചതും വേഗതയേറിയതും സുസ്ഥിരവും ഉയര്‍ന്ന അതിജീവനശേഷിയുള്ളതുമാക്കി മാറ്റുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും രമേശന്‍ പാലേരി പറഞ്ഞു.

പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ജലസംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ സുസ്ഥിരതയാണ് യു-സ്ഫിയറിനെ നയിക്കുന്നത്. ഊര്‍ജ്ജക്ഷമതയുള്ള രൂപകല്‍പനകള്‍ സ്വീകരിച്ചും പുനരുപയോഗിക്കാവുന്ന വസ്തുക്കളിലും സ്മാര്‍ട്ട് എനര്‍ജി സിസ്റ്റങ്ങളിലും നിക്ഷേപിച്ചും അടുത്ത ദശകത്തില്‍ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ 30 ശതമാനത്തിലധികം കുറയ്ക്കാനും ലക്ഷ്യമിടുന്നു.

ഉത്തരവാദിത്തമുള്ള നിര്‍മാണത്തോടുള്ള യു.എല്‍.സി.സി.എസിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി സുസ്ഥിരതയും ഹരിത നിര്‍മാണ രീതികളും ഓരോ ഘട്ടത്തിലും ഉള്‍പ്പെടുത്തും.

യു.എല്‍.സി.സി.എസ് മികവിന്റെ 100 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, ഇന്ത്യയിലുടനീളമുള്ള നിര്‍മാണത്തെ പുനര്‍നിര്‍വചിക്കുന്നതിനുള്ള നൂതനാശയങ്ങള്‍, സുസ്ഥിരത, വിപുലീകരണം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് യു-സ്ഫിയര്‍ ഭാവിയെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാടിന്റെ സൂചനയായി നിലകൊള്ളും.

Content Highlight: Uralungal Labor Contract Society launches U-Sphere