ആ പാലം നിര്‍മിച്ചത് ഞങ്ങളല്ല; പച്ചക്ക് പറയുന്നു ഓണ്‍ലൈന്‍ പേജിന്റെ വ്യാജ വീഡിയോക്കെതിരെ ഊരാളുങ്കല്‍
Kerala News
ആ പാലം നിര്‍മിച്ചത് ഞങ്ങളല്ല; പച്ചക്ക് പറയുന്നു ഓണ്‍ലൈന്‍ പേജിന്റെ വ്യാജ വീഡിയോക്കെതിരെ ഊരാളുങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd July 2023, 5:09 pm

കൊച്ചി: എറണാകുളത്തെ കുണ്ടന്നൂരിലെ ഒരു പാലവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ വ്യാജ വീഡിയോ നല്‍കിയ ഓണ്‍ലൈന്‍ പേജിനെതിരെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. ‘പച്ചക്ക് പറയുന്നു’ എന്ന ഓണ്‍ലൈന്‍ പേജില്‍ വന്ന വീഡിയോയില്‍ പറയുന്ന പാലം ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ചതല്ലെന്ന് മാനേജിങ് ഡയറക്റ്റര്‍ പ്രസ്താവനിയില്‍ പറഞ്ഞു.

ഉരാളുങ്കല്‍ അല്ല പാലം നിര്‍മിച്ചതെന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടും മറ്റെന്തോ താത്പര്യത്തില്‍ ഒരാള്‍
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘എറണാകുളത്തെ കുണ്ടന്നൂരില്‍ ഒരു പാലം താഴുന്നു എന്നും അത് നിര്‍മിച്ചത് ഊരാളുങ്കല്‍ സൊസൈറ്റി ആണെന്നും പറഞ്ഞ് പച്ചക്ക് പറയുന്നു എന്ന ഓണ്‍ലൈന്‍ ചാനലില്‍ ഒരാള്‍ വ്യാജവീഡിയോ ഇട്ടിരിക്കുന്നു. ആ വീഡിയോവില്‍ പറയുന്ന പാലം നിര്‍മിച്ചത് ഊരാളുങ്കല്‍ സൊസൈറ്റി അല്ല. അക്കാര്യം റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടും മറ്റെന്തോ താത്പര്യത്തില്‍ ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതാണ് എന്നാണ് മനസിലാക്കുന്നത്.

ആധികാരികത ഇല്ലാത്ത ചിലര്‍ സ്വന്തം ചാനലുകള്‍ ഉണ്ടാക്കി നടത്തുന്ന വ്യാജപ്രചാരണങ്ങളെപ്പറ്റി കേരള ഹൈക്കോടതിക്കുതന്നെ ഈയിടെ അടുത്തടുത്ത ദിവസങ്ങളില്‍ വെവ്വേറെ വിധികളില്‍ വിമര്‍ശിക്കേണ്ടിവന്നത് നാം കണ്ടതാണല്ലോ. ഇത്തരത്തിലുള്ള ഒരു ആധികാരികതയും ഇല്ലാത്ത ഒരു സ്വകാര്യ അക്കൗണ്ടിലെ വ്യാജപ്രചാരണം വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ ഊരാളുങ്കല്‍ പ്രസ്താവനിയില്‍ പറഞ്ഞു.

നൂറ്റാണ്ട് തികയാന്‍ പോകുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന മഹത്തായ സ്ഥാപനത്തിന്റെ വിലമതിക്കാനാവാത്ത വിശ്വാസ്യതയെയും സാമൂഹികാദരവിനെയും ബാധിക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങള്‍കൊണ്ട് സൊസൈറ്റിക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങള്‍ കണക്കാക്കി അതു നഷ്ടപരിഹാരമായി ലഭിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കമ്പനി അറിയിച്ചു.

Content Highlight: Uralungal Labor Contract Cooperative Society against an online page that posted a fake video against them in connection with a bridge in Kundanur, Ernakulam