| Saturday, 4th November 2023, 9:53 pm

വിവാദങ്ങളില്‍ നിരാശന്‍; ആത്മകഥ പ്രസിദ്ധീകരണം പിന്‍വലിച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ആത്മകഥ പ്രസിദ്ധീകരണം പിന്‍വലിക്കുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. മുന്‍ ഐ.എസ്. ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനെ കുറിച്ച് തന്റെ വിമര്‍ശനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനം.

വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍മാറുന്നതായി സോമനാഥ് ശനിയാഴ്ച സ്ഥിരീകരിച്ചു.

ഒരു സ്ഥാപനത്തിന്റെ ഉന്നത പദവിയില്‍ എത്താനുള്ള യാത്രയില്‍ ഒരോ വ്യക്തിയും ചില വെല്ലുവികളിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം പി.ടി.ഐയോട് അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രം അനുമതി നിഷേധിച്ചത് കൊണ്ടാണ് ജിയോ ഇമേജിങ് സാറ്റ്‌ലൈറ്റ് വിക്ഷേപണം മാറ്റിവെച്ചതെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. ചന്ദ്രയാന്‍ രണ്ട് ലാന്‍ഡിങ് പരാജയത്തിന്റെ കാരണം മുന്‍ ചെയര്‍മാന്‍ കെ.ശിവന്റെ ദൃധിയാണെന്ന് ആത്മകഥയില്‍ അദ്ദേഹം പറഞ്ഞത്. അതിനുശേഷം സത്യം പറയാന്‍ ശിവന്‍ തയ്യാറായില്ലെന്നും തന്റെ സ്ഥാനക്കേറ്റം വൈകിപ്പിച്ചെന്നും പുസ്തകത്തില്‍ സോമനാഥ് ആരോപിച്ചിരുന്നു.

പരാമര്‍ശം വലിയ വിവാദമായതോടെയാണ് പുസ്തക പ്രകാശനത്തില്‍ നിന്നുള്ള പിന്‍മാറ്റം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസാദകരോട് കോപ്പികള്‍ പിന്‍വലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഷാര്‍ജ പുസ്തകോത്സവത്തില്‍ വച്ച് നടത്താനിരുന്ന പ്രകാശനവും ഉപേക്ഷിച്ചു.

യുവാക്കള്‍ക്ക് പ്രചോദനം നല്‍കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും ഒരു വ്യക്തിയെയും പ്രത്യേകം ലക്ഷ്യം വെച്ചിട്ടല്ല പരാമര്‍ശമെന്ന് സോമനാഥ് വിവാദങ്ങളോട് പ്രതികരിച്ചു.

content highlight :Upset with controversy, ISRO chief withdraws publishing of his autobiography

We use cookies to give you the best possible experience. Learn more