|

കർഷകർക്കെതിരായ അടിച്ചമർത്തൽ; പഞ്ചാബ് സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ കർഷക സംഘടനകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്‌സർ: പ്രതിഷേധിച്ച കർഷകരെ പഞ്ചാബ് പൊലീസ് അടിച്ചമർത്തിയതിന് പിന്നാലെ, സർക്കാർ വിളിച്ച് ചേർത്ത കർഷക നേതാക്കളുമായുള്ള യോഗം ബഹിഷ്കരിച്ച് കർഷക സംഘടന.

ഏതൊരു പ്രശ്‌നവും പരിഹരിക്കുന്നതിന് ചർച്ചകൾ വേണമെന്നും എന്നാൽ കർഷകരെ തടങ്കലിൽ വെച്ചിരിക്കുന്ന നിലവിലെ ഈ സാഹചര്യങ്ങളിൽ യോഗം ചേരുന്നത് ശരിയാണോ എന്ന് ഭാരതി കിസാൻ യൂണിയൻ ഏകതാ ഉഗ്രഹൻ ചോദിച്ചു.

‘ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ടവരെ പിന്നീട് അറസ്റ്റ് ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്,’ ബി.കെ.യു (ഉഗ്രഹാൻ) പ്രസിഡന്റ് ജോഗീന്ദർ സിങ് ചോദിച്ചു. ഒപ്പം സർക്കാരുമായി ചർച്ചയിൽ പങ്കെടുക്കുന്നതിന് മുമ്പ് തങ്ങളുടെ മൂന്ന് വ്യവസ്ഥകൾ പാലിക്കണമെന്നും കർഷക സംഘടന ആവശ്യപ്പെട്ടു.

അറസ്റ്റിലായ എല്ലാ കർഷകരെയും നേതാക്കളെയും വിട്ടയക്കണമെന്നും കണ്ടുകെട്ടിയ ട്രാക്ടറുകളും ട്രോളികളും തിരികെ നൽകണമെന്നും
പൊലീസ് നശിപ്പിച്ച പ്രോപ്പർട്ടികൾക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് സംഘടനയുടെ ആവശ്യങ്ങൾ.

ചർച്ചകളിൽ നിന്ന് കർഷകർ ഒളിച്ചോടുന്നില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ യോഗത്തിൽ പങ്കെടുക്കണമെന്നും സംഘടന കൂട്ടിച്ചേർത്തു. മാർച്ച് മൂന്നിന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ അദ്ദേഹം ഒരു പ്രകോപനവുമില്ലാതെ ചർച്ചക്കിടെ ഇറങ്ങിപ്പോയിരുന്നു. ചർച്ച എവിടെയുമെത്താതെ അവസാനിക്കുകയും പിന്നാലെ കർഷക നേതാക്കളുടെ വീടുകളിൽ റെയ്‌ഡ്‌ നടക്കുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

മാർച്ച് മൂന്നിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഒരു മീറ്റിങ് ഉചിതമാണോ എന്ന് നോക്കേണ്ടതുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന് ചർച്ച ആവശ്യമാണെങ്കിലും, അതിന് അനുകൂലമായ ഒരു അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ജോഗീന്ദർ സിങ് ഉഗ്രഹൻ പറഞ്ഞു.

‘ഡെപ്യൂട്ടി കമ്മീഷണർ (ഡി.സി) ഓഫീസുകൾക്ക് പുറത്ത് പ്രകടനം നടത്തിയവർ ഉൾപ്പെടെയുള്ള കർഷകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധിച്ചുകൊണ്ടിരുന്ന കർഷകരെ അവർ കസ്റ്റഡിയിലെടുത്തു. അവരുടെ സാധനങ്ങൾ വയലുകളിൽ ഉപേക്ഷിച്ചു. ചില വസ്തുക്കൾ മോഷ്ടിച്ചു. അവരുടെ ട്രാക്ടറുകൾ, ലഗേജുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പലയിടങ്ങളിലായി കിടക്കുകയാണ്.

എത്ര നേതാക്കളെ അറസ്റ്റ് ചെയ്തുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കസ്റ്റഡിയിലെടുത്ത എല്ലാ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്നും അവരുടെ കണ്ടുകെട്ടിയ സ്വത്തുക്കൾ തിരികെ നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇത്രയേറെ പ്രശ്നങ്ങൾ നിലനിൽക്കവേ യോഗത്തിൽ പങ്കെടുക്കേണ്ട എന്ന് തന്നെയാണ് ഞങ്ങളുടെ തീരുമാനം,’ ജോഗീന്ദർ സിങ് പറഞ്ഞു. സംയുക്ത കിസാൻ മോർച്ച നേതാവായ ഹരീന്ദർ സിങ് ലഖോവാലും ഇതേ അഭിപ്രായം തന്നെ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിര നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വണ്‍ സിങ് പാന്ഥര്‍ തുടങ്ങിയവരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്.

Content Highlight: Upset over crackdown on farmers, BKU (Ugrahan) to skip meeting called by Punjab govt

Video Stories