കാലാവധി തീരാന്‍ അഞ്ചുവര്‍ഷം കൂടി; യു.പി.എസ്.സി ചെയര്‍പേഴ്‌സണ്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്
national news
കാലാവധി തീരാന്‍ അഞ്ചുവര്‍ഷം കൂടി; യു.പി.എസ്.സി ചെയര്‍പേഴ്‌സണ്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2024, 2:08 pm

ന്യൂദല്‍ഹി: യു.പി.എസ്.സി (യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) ചെയര്‍പേഴ്‌സണ്‍ മനോജ് സോണി രാജിവെച്ചതായി റിപ്പോര്‍ട്ട്. കാലാവധി തീരാന്‍ അഞ്ച് വര്‍ഷം കൂടിയുള്ളപ്പോഴാണ് മനോജ് സോണിയുടെ രാജി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സോണി രാജിവെച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.എ.എസ് നേടിയെന്ന ആരോപണത്തില്‍ പൂജ ഖേദ്കറിനെതിരെ യു.പി.എസ്.സി നടപടിയെടുത്ത സാഹചര്യത്തില്‍ കൂടിയാണ് സോണിയുടെ രാജിവിവരം പുറത്തുവരുന്നത്.

2029 മെയ് 15നാണ് മനോജ് സോണിയുടെ സര്‍വീസ് കാലാവധി അവസാനിക്കുക. 2017 മുതല്‍ യു.പി.എസ്.സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മനോജ് സോണി, 2023 മെയ് 16നാണ് ചെയര്‍പേഴ്‌സണായി നിയമിതനായത്. എന്നാല്‍ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു മാസം മുമ്പേ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് സോണി രാജിവെച്ചിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് മനോജ് സോണി രാജിക്കത്ത് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഉന്നത വൃത്തങ്ങള്‍ ഇതുവരെ സോണിയുടെ രാജി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.എ.എസ് നേടിയെന്ന ആരോപണവും മനോജ് സോണിയുടെ രാജിയും തമ്മില്‍ ബന്ധമില്ലെന്ന് ഉന്നത വൃത്തങ്ങള്‍ പ്രതികരിച്ചു.

രാജിയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ മനോജ് സോണി രാജിവെച്ചതോടെ അദ്ദേഹം പുറന്തള്ളപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കൂടാതെ 2014 മുതല്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും പവിത്രതയും സ്വയംഭരണവും ഇല്ലാതായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.

2005ല്‍ വഡോദരയിലെ എം.എസ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായി മനോജ് സോണി നിയമിതനായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട വ്യക്തിയായിരുന്നു മനോജ് സോണി. യു.പി.എസ്.സി ചെയര്‍പേഴ്‌സണായി നിയമിതനാവുന്നതിന് മുമ്പ്, അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഗുജറാത്തിലെ രണ്ട് സര്‍വകലാശാലകളില്‍ വി.സിയായി സോണി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി നേതാവ് സ്വാമി നാരായണനോടപ്പം പ്രവര്‍ത്തിക്കാനും സാമൂഹിക-മത പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും മനോജ് സോണി താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: UPSC (Union Public Service Commission) Chairperson Manoj Soni reportedly resigns