| Friday, 19th July 2024, 5:06 pm

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; പൂജ ഖേദ്ക്കറിന്റെ ഐ.എ.എസ് റദ്ദാക്കാനൊരുങ്ങി യു.പി.എസ്.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐ.എ.എസ് നേടിയെന്ന ആരോപണത്തില്‍ പൂജ ഖേദ്കറിനെതിരെ കടുത്ത നടപടിയിലേക്ക് യു.പി.എസ്.സി. ഐ.എ.എസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് കാട്ടി പൂജ ഖേദ്കറിന് യു.പി.എസ്.സി നോട്ടീസ് അയച്ചു.

പൂജക്കെതിരെ മഹരാഷ്ട്ര പൊതുഭരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് യു.പി.എസ്.സിക്ക് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പൂജക്കെതിരെ കടുത്ത നടപടികളിലേക്ക് യു.പി.എസ്.സി കടക്കുന്നത്.

ഇനിയുള്ള എല്ലാ പരീക്ഷകളില്‍ നിന്നും പൂജയെ അയോഗ്യയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പൂജക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷട്രയിലെ പൂനെയില്‍ ഐ.എ.എസ് ട്രെയ്‌നിയായി ജോലി ചെയ്തിരുന്ന പൂജയെ വിവാദങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.

പൂജ ഖേദ്കറിനെതിരെ വിശദമായി അന്വേഷണം നടത്തിയെന്ന് യു.പി.എസ്.സി പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പൂജ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ എന്നിവ വ്യാജമാണെന്ന് വെളിപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ വാഹനത്തില്‍ അനധികൃതമായി മഹാരാഷട്ര സര്‍ക്കാറെന്ന് ബോര്‍ഡ് വെച്ചതിനും ബീക്കണ്‍ ലൈറ്റ് സ്ഥാപിച്ചതിനും നേരത്തെ പൂജ ഖേദ്ക്കറിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlight: UPSC is about to cancel Pooja Khedkar’s IAS

We use cookies to give you the best possible experience. Learn more