ന്യൂദല്‍ഹി: 2019ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ചര്‍ച്ചയായി രാഹുല്‍ മോദിയുടെ റിസള്‍ട്ട്. ഇന്ത്യയുടെ ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുന്ന രണ്ട് പ്രമുഖ നേതാക്കളുടെ പേര് ഒരുമിച്ച് വന്നതുകൊണ്ടാണ് രാഹുല്‍ മോദി എന്ന പേരിന് കൗതുകമേറുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ ചേര്‍ന്ന രാഹുല്‍ മോദിയെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് തെരയുന്നത്.420ാം റാങ്കാണ് രാഹുല്‍ മോദി പരീക്ഷയില്‍ കരസ്ഥമാക്കിയത്.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ സാധാരണ ഉയര്‍ന്ന റാങ്കുകള്‍ നേടുന്ന ഉദ്യേഗാര്‍ത്ഥികള്‍ക്ക് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നീ കേന്ദ്ര സര്‍വ്വീസുകളിലാണ് പ്രവേശനം ലഭിക്കുക. ഇന്ത്യയുടെ ഭരണസിരാ കേന്ദ്രങ്ങളില്‍ ഭരണ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കുന്ന രണ്ട് വ്യക്തികളുടെ പേര് ചേര്‍ന്ന ഒരാള്‍ ഇരിക്കുന്നത് കാണുന്നത് കൗതുകരമായിരിക്കും എന്ന് നിരവധി പേര്‍ പറയുന്നു. സിവില്‍ സര്‍വ്വീസ് ജേതാവിന്റെ പേരിലെ കൗതുകം ഇന്ത്യ ടുഡെയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പ്രതീപ് സിങ്ങാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഐ.എ.എസ് തെരഞ്ഞെടുക്കാനാണ് തനിക്ക് താത്പര്യമെന്ന് പ്രതീപ് സിങ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ നടന്നത്. സെപ്്തംബറില്‍ മെയിന്‍ പരീക്ഷയും മാര്‍ച്ചില്‍ അഭിമുഖവും നടന്നു. 829 പേരാണ് പരീക്ഷ പാസായത്.