ഉപ്പും മുളകിലേക്കും പ്രിയ താരങ്ങള്‍ തിരികെയെത്തി; ഉറപ്പിച്ച് ബാലുവും മുടിയനും
Mini Screen
ഉപ്പും മുളകിലേക്കും പ്രിയ താരങ്ങള്‍ തിരികെയെത്തി; ഉറപ്പിച്ച് ബാലുവും മുടിയനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th February 2020, 10:00 pm

കൊച്ചി: മിനിസ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് പരിപാടികളില്‍ ഒന്നാണ് ഉപ്പും മുളകും. ഫളവേഴ്‌സ് ടി.വി സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിന് ലക്ഷകണക്കിന് പ്രേക്ഷകരാണുള്ളത്.

എന്നാല്‍ സീരിയലിലെ ജനപ്രിയ താരങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസമായി ഏപ്പിസോഡുകളില്‍ കാണിച്ചിരുന്നില്ല. ബാലുവും നീലുവും കേശുവും മുടിയനും ശിവാനിയും പാറുകുട്ടിയുമെല്ലാം സീരിയലില്‍ നിന്ന് പിന്‍മാറിയെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാല്‍ പരിപാടിയിലേക്ക് തങ്ങള്‍ തിരികെയെത്തുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സീരിയലിലെ ‘മുടിയന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋഷി എസ് കുമാര്‍.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഋഷിയുടെ വെളിപ്പെടുത്തല്‍. ഋഷിക്ക് പുറമെ ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും പുതിയ എപ്പിസോഡിന്റെ ചിത്രീകരണത്തിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ പരിപാടിയുടെ 1000 ഏപ്പിസോഡുകള്‍ കഴിഞ്ഞതോടെ ബാലുവിന്റെ തറവാട്ടിലേക്ക് കഥാപശ്ചാത്തലം മാറിയിരുന്നു. ഇതോടെ വിമര്‍ശനവുമായി ആരാധകര്‍ എത്തിയിരുന്നു. വിമര്‍ശനം കടുത്തതോടെ യൂട്യൂബിലെ കമന്റ് ഓപ്ഷന്‍ ഓഫ് ചെയ്യുകയും ചെയ്തിരുന്നു.

നേരത്തെ സീരിയലിലെ കഥാപാത്രമായിരുന്ന ‘ലെച്ചു’വിന്റെ കല്ല്യാണം പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ജൂഹി രുസ്തഗിയായിരുന്നു സീരിയലിലെ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ലെച്ചുവിന്റെ കല്ല്യാണത്തോടെ ജൂഹിയെ സീരിയലില്‍ നിന്ന് പുറത്ത് പോയതാണെന്നും അതല്ല തീരികെ വരുമെന്നുമെല്ലാം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ഇനി ഉപ്പും മുളകിലും ഇനി ഉണ്ടാവില്ലെന്ന് ജൂഹി പറഞ്ഞിരുന്നു.

ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറഞ്ഞത്.

ബിജു സോപാനം, നിഷാ സാരംഗ്, ഋഷി എസ് കുമാര്‍, അല്‍ സാബിത്ത്, ശിവാനി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

DoolNews Video