Advertisement
Entertainment
ഞങ്ങളുടെ വിജയമന്ത്രം അതാണ്, വലിയൊരു ഫാന്‍ ബേസും നേടി; ഉപ്പും മുളകിലെ നീലു പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 06, 11:07 am
Saturday, 6th March 2021, 4:37 pm

പ്രേക്ഷകര്‍ ഏറെയുള്ള ടെലിവിഷന്‍ പ്രോഗ്രാമാണ് ഉപ്പും മുളകും. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയമാണ് ഉപ്പും മുളകും പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവിനെയും നീലുവിനെയും അവതരിപ്പിക്കുന്നത് ബിജു സോപാനവും നിഷ സാരംഗുമാണ്.

സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനുവേണ്ടി പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിജുവും നിഷയും. ഉപ്പും മുളകിന്റെ വിജയമന്ത്രം എന്താണെന്നതിനെക്കുറിച്ചാണ് നിഷ പറയുന്നത്.

‘ഞങ്ങള്‍ അഭിനയിക്കുന്നത് ആത്മാര്‍ത്ഥമായിട്ടാണ്. അതുതന്നെയാണ് വിജയമന്ത്രവും. അഭിനയിക്കുമ്പോള്‍ ഞാനും ബിജുചേട്ടനും പുതിയ ആശയം വന്നാല്‍ അത് സംവിധായകരോട് പറയാറുണ്ട്. പരിപാടിയ്ക്ക് നല്ല ഫാന്‍ ബേസും നേടി. അത് ചിലപ്പോള്‍ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്യാറുണ്ട്,’ നിഷ പറയുന്നു.

ജനങ്ങള്‍ ചിരിക്കാന്‍ വേണ്ടി ഞങ്ങളൊന്നും ചെയ്തിട്ടില്ലെന്നും കഥയിലെ ഓരോ സന്ദര്‍ഭത്തിലും നന്നായി അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ബിജുവും പറഞ്ഞു.

‘ഞങ്ങളുടെ കോമ്പിനേഷന്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഇനിയും കൂടുതല്‍ നല്ല പരിപാടികളുമായി ജനങ്ങളെ സന്തോഷിപ്പിക്കണമെന്നാണ് ആഗ്രഹം,’ ബിജു പറഞ്ഞു.

നിലവില്‍ പരിപാടിയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും തങ്ങള്‍ക്കും ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു.

നൂറ് എപ്പിസോഡുകളില്‍ അവസാനിക്കും എന്നു വിചാരിച്ച് തുടങ്ങിയ പ്രോഗ്രാമായിരുന്നുവെന്നും എന്നാല്‍ ഇന്നത് 1000 എപ്പിസോഡുകള്‍ക്ക് മുകളിലെത്തിക്കഴിഞ്ഞുവെന്നും നിഷ പറഞ്ഞു.

‘എല്ലാവരും സോഷ്യല്‍മീഡിയ വഴി എപ്പോഴാണ് പുനരാരംഭിക്കുക എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. നമുക്കും അറിയില്ല എന്നതാണ് സത്യം. പിന്നെ എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാനാണല്ലോ. അതിനാല്‍ പരിപാടി നിര്‍ത്തിയാലും ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ പറ്റൂ. അതിനാലാണ് എല്ലാവരും കൂടി പപ്പനും പത്മിനിയും എന്ന മിനി വെബ് സീരീസിന് തുടക്കമിട്ടത്,’ നിഷ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Uppum Mulakum characters says about their success