| Saturday, 6th March 2021, 1:30 pm

ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്, പരിപാടി നിര്‍ത്തിയാലും ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ പറ്റൂ, അതുകൊണ്ടാണ് അങ്ങനെ ചെയ്തത്; ബാലുവും നീലുവും പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെയുള്ള ടെലിവിഷന്‍ പ്രോഗ്രാമാണ് ഉപ്പും മുളകും. കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയമാണ് ഉപ്പും മുളകും പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവിനെയും നീലുവിനെയും അവതരിപ്പിക്കുന്നത് ബിജു സോപാനവും നിഷ സാരംഗുമാണ്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുവേണ്ടി പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിജുവും നിഷയും. ഉപ്പും മുളകും ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചതിനെക്കുറിച്ചാണ് താരങ്ങള്‍ പ്രതികരിക്കുന്നത്. ഷൂട്ടിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും തങ്ങള്‍ക്കും ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

‘താല്‍ക്കാലികമായി ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രോഗ്രാം നിര്‍ത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണ്. കാരണം അങ്ങനെയൊരു അറിയിപ്പ് ഔദ്യോഗികമായി നമുക്ക് കിട്ടിയിട്ടില്ല. ഞങ്ങളും തുടര്‍വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്,’ ബിജു പറഞ്ഞു.

നൂറ് എപ്പിസോഡുകളില്‍ അവസാനിക്കും എന്നു വിചാരിച്ച് തുടങ്ങിയ പ്രോഗ്രാമായിരുന്നുവെന്നും എന്നാല്‍ ഇന്നത് 1000 എപ്പിസോഡുകള്‍ക്ക് മുകളിലെത്തിക്കഴിഞ്ഞുവെന്നും നിഷ പറഞ്ഞു.

‘എല്ലാവരും സോഷ്യല്‍മീഡിയ വഴി എപ്പോഴാണ് പുനരാരംഭിക്കുക എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്. ബിജു ചേട്ടന്‍ പറഞ്ഞ പോലെ നമുക്കും അറിയില്ല എന്നതാണ് സത്യം. പിന്നെ എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാനാണല്ലോ. അതിനാല്‍ പരിപാടി നിര്‍ത്തിയാലും ഞങ്ങള്‍ക്ക് മുന്നോട്ടുപോയേ പറ്റൂ. അതിനാലാണ് എല്ലാവരും കൂടി പപ്പനും പത്മിനിയും എന്ന മിനി വെബ് സീരീസിന് തുടക്കമിട്ടത്,’ നിഷ പറഞ്ഞു.

ടെലിവിഷന്‍ പ്രോഗ്രാമിന്റെ പിന്നിലുണ്ടായ മിക്കവരും വെബ്‌സീരീലിനൊപ്പവും ഉണ്ടെന്നും സൈറ ബാനു സംവിധാനം ചെയ്ത ആന്റണി സോണിയാണ് പപ്പനും പത്മിനിയും സംവിധാനം ചെയ്തിരിക്കുന്നതെന്നും ബിജു പറയുന്നു.

‘പ്രേക്ഷകര്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കോമഡിയും അതിനപ്പുറം കുറച്ച് കാര്യങ്ങളുമെല്ലാം വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,’ അഭിമുഖത്തില്‍ ബിജു കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Uppum Mulakum characters says about program shoot delay

We use cookies to give you the best possible experience. Learn more