| Monday, 14th January 2019, 12:27 pm

സവര്‍ണ്ണ സംവരണം: ബഹുജനും, ഹോമോ-ബ്രാഹ്മണിക്കലും തമ്മിലുള്ള പോരാട്ടം

ഡോ. പി കെ യാസ്സര്‍ അറഫാത്ത്

മുന്നോക്കക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണം നടപ്പില്‍ വരുത്താന്‍ ഇത്ര ധൃതിപിടിച്ച രീതിയില്‍ മോഡി സര്‍ക്കാര്‍ ശ്രമം നടത്തുന്നതിന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മാറിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയും ദളിത്-ബഹുജന്‍ സമൂഹങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍, ഹിന്ദുത്വ രാഷ്ട്രീയത്തെയും പാര്‍ട്ടികളെയും കൈവിടുന്ന പുതിയ അവസ്ഥകളെയും ഹിന്ദുത്വ പരിവാറിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. മാത്രമല്ല കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ എന്‍.ഡി.എയില്‍ നിന്ന് കൊഴിഞ്ഞുപോയ പതിനെട്ടോളം പാര്‍ട്ടികളില്‍ രണ്ടോമൂന്നോ മാറ്റി നിര്‍ത്തിയാല്‍ ബാക്കി പാര്‍ട്ടികളെല്ലാം പ്രാദേശിക തലത്തില്‍ ദളിത്-ബഹുജന്‍ സമൂഹങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നവയാണെന്നു കാണാന്‍ കഴിയും.

കൊഴിഞ്ഞു പോകാതെ നില്‍ക്കുന്ന, ലോക്ജനശക്തി പോലെയുള്ള പാര്‍ട്ടികളില്‍ പലതും എന്‍.ഡി.എക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ നിലപാടുകള്‍ക്കെതിരെ പല തരത്തിലുള്ള വിമത ശബ്ദങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്, നിരന്തരം.

ക്രിസ്റ്റഫര്‍ ജാഫര്‍ലോയെ പോലുള്ള ഗവേഷകര്‍ സൂചിപ്പിച്ചതുപോലെ, രണ്ടായിരത്തി പതിനാലിലെ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ക്ക് ഉത്തരേന്ത്യയില്‍ ദളിത് സമൂഹങ്ങളിലെ ഇരുപത് ശതമാനത്തെ കൂടെനിര്‍ത്താന്‍ പറ്റിയെയെങ്കില്‍, ജിഗ്നേഷ് മേവാനി, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ ചിന്തകരും ചെറുപ്പക്കാരുമായ പുതിയ നേതൃത്വത്തിന്റെ വരവോടുകൂടി ഉത്തരേന്ത്യയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ദളിത് ബഹുജന സമൂഹങ്ങളുടെ ശക്തമായ തിരിച്ചടിയാണ് കാത്തിരിക്കുന്നത് എന്നുകാണാന്‍ കഴിയും.

അംബേദ്കറിസ്റ്റ് ആശയങ്ങള്‍ക്ക് ആഴത്തിലുള്ള പ്രചാരണമാണ് അടുത്തകാലത്തായി ഉത്തരേന്ത്യയില്‍ മുഴുവനായി നടന്നുകൊണ്ടിരിക്കുന്നത് എന്നും, വളരെ ശക്തവും വ്യാപകവുമായിത്തന്നെ “ദളിത് റവല്യൂഷന്‍” (Dalit Revolution) എന്ന് പറയാന്‍ സാധിക്കുന്ന ഒരു സാമൂഹ്യരൂപീകരണം ഇവിടങ്ങളില്‍ നടക്കുന്നുണ്ട് എന്നതുമാണ് അതിന്റെ കാരണം. മാത്രമല്ല എസ്.പി-ബി.എസ്.പി പാര്‍ട്ടികളുടെ ഐക്യപ്പെടല്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിന്റെ മൂര്‍ധന്യത്തിലുമാണ് മുന്നാക്ക സംവരണ ബില്ലുകള്‍ പാസ്സാക്കിയതെന്നും ശ്രദ്ധേയമാണ്.

ഹിന്ദുത്വ ആശയങ്ങള്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയ ആദ്യ മൂന്നുവര്‍ഷങ്ങളില്‍ “മുസ്ലിം” എന്ന കാറ്റഗറിയെ “ആന്റി-തീസിസ്” ആയി നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ വഴിയും മറ്റും സാധിച്ച ബ്രാഹ്മണിക്കല്‍ ഹിന്ദുത്വത്തിന് ഈ ദളിത്-റിവൊല്യൂഷന്‍ (Dalit Revolution) പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പറ്റാതെപോയിരുന്നു.

രോഹിത് വെമുലയില്‍ തുടങ്ങിയ പുതിയ ദളിത് രാഷ്ട്രീയം “ഉന” യിലൂടെ ഭീമാ കോറേഗാവിലെത്തുമ്പോഴേക്കും “മുസ്ലിം ആന്റി-തീസിസിലൂടെ” ഹിന്ദുത്വം സ്വരൂപിച്ച രാഷ്ട്രീയ മൂലധനത്തില്‍ ആഴത്തിലുള്ള നഷ്ടം സംഭവിച്ചതായി കാണാന്‍ കഴിയും. ഇതിന്റെ കൂടെ യോഗി ആദിത്യനാഥിന്റെ എന്‍കൗണ്ടര്‍ ഹിന്ദുത്വയും (encounter Hindutva) ചേര്‍ന്നതോടുകൂടി ഉത്തരേന്ത്യയില്‍ ചോര്‍ന്നുകൊണ്ടേയിരിക്കുന്ന ബഹുജന്‍ വോട്ടുകള്‍ക്കുള്ള പാപ-പരിഹാരമായിട്ടു തന്നെയാണ് ഈ ബില്ല് അവതരിപ്പിക്കുന്നത് എന്നുകാണാം

സംവരണത്തിന്റെ സാമ്പത്തിക ആഖ്യാനത്തിലൂടെ, സാമൂഹ്യവും സാംസ്‌കാരികവുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളെ അധികരിച്ചു പുറത്തുവന്ന മണ്ഡല്‍ കമ്മീഷന്‍, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയെ ഘടനാപരമായി പൂര്‍ണ്ണമായും തകര്‍ക്കുക എന്ന വളരെ ബുദ്ധിപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് പുതിയ ബില്ലിലൂടെ ഹിന്ദുത്വം ശ്രമിക്കുന്നത്. വെറും റിപ്പോര്‍ട്ടുകള്‍ക്കപ്പുറത്ത്, ഇന്ത്യയുടെ സാമൂഹ്യ ചരിത്രത്തിന്റെയും ജാതി-മത വിവേചനത്തിന്റെയും അടയാളപ്പെടുത്തിയ രചനകള്‍ തന്നെയായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ എന്നുപറയാം.

അതായത് ജാതിയെയും, സാംസ്‌കാരിക സമൂഹങ്ങളെയും അടയാളപ്പെടുത്താന്‍ മടിച്ചുനിന്ന ചരിത്രകാരരുടെ രചനാ ശാസ്ത്രങ്ങളെ തകിടം മറിക്കുവാന്‍ ഉതകുന്ന ജാതി-മത അടയാളപ്പെടുത്തലുകളായിരുന്നു ഇവ . സാമൂഹ്യശാസ്ത്ര രചനാ ശാസ്ത്രങ്ങളില്‍ ഈ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നിട്ടില്ല, മൗലികമായുള്ള മാറ്റങ്ങള്‍ ഇനിയും പഠനവിധേയമാക്കപ്പെട്ടിട്ടില്ല എന്നിവയും പരാമര്‍ശ യോഗ്യമാണ്. അവ പുറത്തുകൊണ്ടുവന്ന, സാമൂഹ്യ-സാംസ്‌കാരിക വശങ്ങളെ വിശകലനം ചെയ്ത് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ കാരണങ്ങളിലേക്കു ആഴത്തില്‍കടന്നുള്ള, പുതിയ ആഖ്യാനങ്ങള്‍ ഇന്ത്യയിലെ മുന്നാക്ക സമുദായങ്ങള്‍ക്കും വലിയൊരു വിഭാഗം ചിന്തകര്‍ക്കും സ്വീകാര്യമായിരുന്നില്ല ഒരിക്കലും.

അതുകൊണ്ടു തന്നെ ഉപരിപ്ലമായ സാമ്പത്തിക ആഖ്യാനങ്ങളെ തിരിച്ചുകൊണ്ടുവരേണ്ടത് ഹിന്ദുത്വത്തിന്റെ ആവശ്യമാണ്. ബ്രാഹ്മണിക്കല്‍ രാഷ്ട്രീയത്തെയും അധികാരത്തെയും നിലനിര്‍ത്താനും , ഒരുതരത്തിലുള്ള ഹോമോ-ബ്രാഹ്മണിക്കല്‍ സമൂഹത്തെ തിരിച്ചു കൊണ്ടുവരുവാനും തന്നെയാണ് ഈ ബില്ലില്‍ കൂടി ഹിന്ദുത്വം ഉദ്ദേശിക്കുന്നത്.

സംവരണം പ്രാബല്യത്തില്‍ വന്നതോട് കൂടി ഉത്തരേന്ത്യയിലെ ബ്രാഹ്മണിക്കല്‍ ഗ്രാമങ്ങളില്‍ നടന്ന ഒരുമാറ്റം ഇവിടെ പ്രതിപാദിക്കാം. ലാലുപ്രസാദ് യാദവ് ആയിരക്കണക്കിന് പ്രൈമറി-സെക്കന്ററി അധ്യാപകരെ സംവരണനയത്തിന്റെ പിന്‍ബലത്തില്‍കൂടി സര്‍ക്കാര്‍ സര്‍വീസിലേക്ക് കയറ്റിയപ്പോള്‍ ബിഹാര്‍ ഗ്രാമങ്ങള്‍ സാമൂഹ്യമായും സാംസ്‌കാരികമായും മാറിയപ്പോള്‍ അവയുടെ രൂപകല്പനകള്‍ പോലും മാറുകയായിരുന്നു എന്നുകാണാം. ഭൂമിഅധികാരം ബഹുജനങ്ങളുടെമേലുള്ള അധികാരമായി രൂപപ്പെടുത്തിയ ബ്രാഹ്മണിക്കല്‍ ജാതികളുടെ തങ്ങളുടെമേലുള്ള ഉടമസ്ഥാവകാശത്തെ വലിച്ചെറിയാനാണ് താഴെക്കിടയിലുള്ള സര്‍ക്കാര്‍ സര്‍വീസുകളിലൂടെ ദളിത്-ആദിവാസി സമൂഹങ്ങള്‍ ആദ്യമായി ശ്രമിച്ചത്.

ഈ ബഹുജനങ്ങളുടെ അടുത്ത തലമുറയാവുമ്പോഴേക്കും, ഭൂമിയുണ്ടായിട്ടും ദ്രവ-സമ്പത്ത് കയ്യിലില്ലാതിരുന്ന സവര്‍ണ്ണ സമൂഹത്തിലെ വലിയ വിഭാഗം ചെറുകിട-ഇടത്തരം ഭൂവുടമകള്‍, ദ്രവ-സമ്പത്തിന്റെ (Liquid Money) ഉടമസ്ഥരായി മാറുന്ന ബഹുജനങ്ങളെ പലതരത്തില്‍ ആശ്രയിക്കുന്ന അവസ്ഥ ഇവിടങ്ങളില്‍ ഉടലെടുക്കുന്നത് കാണാം. മാത്രമല്ല വലിയൊരു വിഭാഗം ദളിത്-ബഹുജന്‍ യുവാക്കള്‍ തൊഴിലുകളും പഠനവുമായി ഈ ഗ്രാമങ്ങളിനിന്നു പട്ടണങ്ങളിലേക്ക് കുടിയേറിയപ്പോള്‍ ബ്രാഹ്മണിക്കല്‍ ഗ്രാമങ്ങളില്‍ കാര്‍ഷികവരുമാനത്തിനും പ്രതിസന്ധി ഉടലെടുക്കുന്നത് കാണാം.

ഹരിയാന പോലെയുള്ള സംസ്ഥാനങ്ങളില്‍ ഭൂമിക്കച്ചവടങ്ങള്‍ വലിയ തോതില്‍ നടക്കുന്നത് ഈയൊരു പശ്ചാത്തലത്തില്‍ നിന്നും മനസ്സിലാക്കണം. ഇങ്ങനെ സംവരണം മാറ്റിമറിച്ച ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ബ്രാഹ്മണിക്കല്‍ മോഹഭംഗമാണ് “ബഹുജന്‍”സമുദായങ്ങള്‍ക്ക് നേരെയുള്ള ആള്‍ക്കൂട്ട കൊലപാതങ്ങളായി മാറുന്നത് എന്നതാണ് വാസ്തവം.

അതുകൊണ്ടുതന്നെ തങ്ങളുടെ ബ്രാഹ്മണിക്കല്‍ ആധിപത്യം തുടരാന്‍ ഇനിമുതല്‍ ഭൂമിയുടെ മേലും, ക്ഷേത്രങ്ങളുടെ മേലുമുള്ള അധികാരം കൊണ്ടുമാത്രം സാധിക്കില്ല എന്ന ബ്രാഹ്മണിക്കല്‍ തിരിച്ചറിയലിന്റെ ഭാഗമായി ഇതുവരെ തങ്ങള്‍ കുറച്ചിലായി കണ്ട “സംവരണം” എന്ന ശബ്ദത്തോടുള്ള സഹജമായ വിരോധം മാറ്റിനിര്‍ത്തി ബഹുജനെ പിന്തുടരുവാന്‍ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം നിര്‍ബന്ധിതരാവുന്നു. അതായത്, അധികാരത്തിലും, സമ്പത്തിലും, രാഷ്ട്രീയത്തിലും, ബൗദ്ധികതയിലും പങ്ക് ചോദിച്ചുവാങ്ങുന്ന ദളിത് ബഹുജനെ നിലക്കുനിര്‍ത്താനും, ഭരണസമ്പ്രദായത്തിലെ ബ്രഹ്മണ്യത്തിന്റെ ശക്തിനഷ്ടപ്പെടാതിരിക്കാനും രൂപപ്പെടുത്തിയത് തന്നെയാണ് ഈ ബില്ല് എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും.

പരമ്പരാഗതമായി സാമ്പത്തികമായുള്ള വര്‍ഗീകരണത്തിലൂടെ സാംസ്‌കാരിക, സമൂഹങ്ങളുടെ പ്രതിസന്ധിയെ കണ്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളും സവര്‍ണ്ണ-സംവരണത്തെ പൂര്‍ണ്ണമായി പിന്തുണക്കുന്നതാണ് നാം കാണുന്നത്. പ്രകാശ് കാരാട്ടടക്കമുള്ള നേതാക്കള്‍ ദളിത്-ബഹുജന്‍ സംവരണത്തെ സാമ്പത്തിക പരിഗണന നോക്കാതെ പിന്തുണക്കണമെന്നുള്ള നിലപാടെടുക്കുമ്പോള്‍ തന്നെ, ഒ.ബി.സി തുടങ്ങിയ സമുദായങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട് “സാമ്പത്തിക-ഘടന” ഒരു വിഷയമായി പരിഗണിക്കണമെന്ന് ശക്തമായി ആവശ്യപെടുന്നു.

അതേസമയം സാമ്പത്തികമായി വളരെ ഉയര്‍ന്ന് നില്‍ക്കുന്ന ദളിതരെയും ഒ.ബി.സി വിഭാഗത്തെയും എന്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു തരത്തില്‍ കാണേണ്ടത് എന്നതിന് സൈദ്ധാന്തികമായ ഒരു ഉത്തരവും നല്‍കുന്നതും കാണുന്നില്ല.

അതിന്റെ തുടര്‍ച്ചയായിട്ടുതന്നെയാണ്, മുന്നാക്ക സംവരണം എന്ന ആശയത്തെയും ഇടതുപക്ഷ പാര്‍ട്ടികള്‍ അനുകൂലിക്കുന്നതും. ബ്രിട്ടീഷ് ഭരണത്തിനു ശേഷം ജാതി സെന്‍സസ് നടക്കാത്ത ഇന്ത്യയില്‍, സമുദായങ്ങളുടെ സാമ്പത്തിക-വരുമാനങ്ങളെപ്പറ്റി യാതൊരു ഡാറ്റയും ഇല്ലാത്ത ഒരുഅവസ്ഥയില്‍, മഹാഭൂരിപക്ഷം ബഹുജന്‍ സമുദായങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങള്‍ നിരന്തരമായി നിഷേധിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍, ഇടതുപക്ഷത്തിന്റെ ഇപ്പോഴുള്ള മുന്നോക്ക സംവരണ വാദം ഒരു പഴയനിലപാടിന്റെ ന്യായീകരണത്തിനപ്പുറം ഒന്നുമില്ല എന്ന് പറയേണ്ടിവരും.

ബംഗാള്‍, കേരളം തുടങ്ങിയ പ്രദേശങ്ങളിലെ തങ്ങളുടെ സാമൂഹ്യ പിന്തുണയുടെ വെളിച്ചത്തിലും, ബൃഹത്-സാമ്പത്തിക വര്‍ഗീകരണത്തെയും മുന്‍നിര്‍ത്തി ഉണ്ടാക്കിയെടുത്ത മുന്നാക്ക സംവരണ നിലപാട് ഈ രണ്ടുപ്രദേശങ്ങളിലെ മാറിയതും മാറിവരുന്നതുമായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുനഃപരിശോധനക്ക് വിധേയമാക്കേണ്ട സാഹചര്യങ്ങളാണ് ഉയര്‍ന്ന് വരുന്നത് എന്നത് കാണാം. ജാതിയുടെ കാര്യത്തില്‍ ഉണ്ടായതുപോലെ, മതസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഉണ്ടായതുപോലെ, ബ്രാഹ്മണ്യത്തിന്റെ തിരിച്ചുവരവിന് ശക്തമായ വേദിയൊരുക്കുന്ന മുന്നാക്ക സംവരണം എന്ന ഹിന്ദുത്വത്തിന്റെ പുതിയ ആശയം പുതിയ അംബേദ്ക്കറൈറ് രാഷ്ട്രീയത്തിന്റെയും ബൗദ്ധിക വ്യവഹാരങ്ങളുടെയും പരിസരത്തുനിന്ന് കൊണ്ടുതന്നെ പുനഃ പരിശോധിക്കേണ്ടതായി വരും, ഇടതുപക്ഷവും. കേരളം പോലെയുള്ള സ്ഥലങ്ങളില്‍ ഈഴവ-തീയ്യ വിഭാഗങ്ങള്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പിന്തുണാ സമുദായങ്ങളായി നില്‍ക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും.

ഡോ. പി കെ യാസ്സര്‍ അറഫാത്ത്

ദല്‍ഹി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അസിസ്റ്റന്റ പ്രൊഫസറാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more