| Sunday, 25th October 2020, 6:43 pm

സവര്‍ണ സംവരണം; ദളിതരെക്കൊണ്ട് സംവരണം വേണ്ട എന്ന് പറയിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ്

ഫാറൂഖ്

കേരളത്തിലെ മെഡിക്കല്‍ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍, അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ വളരെ ശ്രദ്ധേയമായ ഒരു മാറ്റം കാണാം. ‘മെറിറ്റ്’ ഇല്ലാതെ സംവരണം വഴി ഒളിച്ചു കടന്നെത്തിയ ബുദ്ധിയില്ലാത്തവന്മാര്‍ എന്ന പേരും പേറി ദളിതര്‍ ക്ലാസ്സിലെ മൂലയിലെ ബെഞ്ചില്‍ ഇനി മുതല്‍ ഇരിക്കേണ്ടി വരില്ല. അവിടെ മുന്നോക്കക്കാര്‍ എന്ന് വിളിക്കപ്പെടുന്ന നായരും നമ്പൂതിരിയുമൊക്കെ ഇരിക്കും. കാരണം ഇക്കൊല്ലത്തെ പ്രവേശന പരീക്ഷയില്‍ ഏറ്റവും കുറച്ചു മാര്‍ക്ക് വാങ്ങിയിട്ടും കോളേജുകളില്‍ പ്രവേശനം നേടുന്നത് മെറിറ്റിന്റെ മെറിറ്റിനെ പറ്റി കഴിഞ്ഞ എഴുപത് കൊല്ലം നമുക്ക് ക്ലാസ്സെടുത്ത സവര്‍ണരാണ്.

ഇനി മുതല്‍ ‘സംവരണക്കാര്‍’ എന്നറിയപ്പെടുക നായരും നമ്പൂതിരിയുമാണ്, പുലയനും ഈഴവനുമൊന്നുമല്ല. നമ്മുടെ ജീവിത കാലത്ത് സാമൂഹ്യ പരിവര്‍ത്തനമൊന്നും സംഭവിക്കുന്നില്ല എന്ന് പരാതിയുള്ള വിപ്ലവകാരികള്‍ക്കൊക്കെ ആശ്വസിക്കാം, ഇതിലും വലിയ എന്ത് സാമൂഹ്യ മാറ്റമാണ് വരേണ്ടിയിരുന്നത്.

ഈ വിപ്ലവം ക്ലാസ്‌റൂമുകളില്‍ മാത്രം ഒതുങ്ങില്ല. ഉദാഹരണത്തിന് ബാങ്കില്‍ ടോക്കണുമെടുത്തു നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുയാണെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് കാണേണ്ട ക്ലാര്‍ക്ക് എന്തോ കാരണത്താല്‍ വിളിക്കാന്‍ വൈകുന്നു. അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങുന്ന നിങ്ങളെ തൊട്ടടുത്തിരിക്കുന്ന മധ്യവയസ്‌ക ആശ്വസിപ്പിക്കും. സംവരണം കൊണ്ട് ജോലി കിട്ടിയ ഏതോ ******നാണ് കൗണ്ടറിലിരിക്കുന്നത്, നമ്മള്‍ ഇതൊക്കെ അനുഭവിച്ചേ പറ്റൂ.

ഇനി മുതല്‍ അങ്ങനെ ഒരു സംസാരമുണ്ടാകില്ല. കാരണം ഇപ്രാവശ്യം നടന്ന എസ്.ബി.ഐ ക്ലാര്‍ക്ക് പരീക്ഷയില്‍ പട്ടിക ജാതിക്കാരനു വേണ്ടത് 61.2 മാര്‍ക്കാണെങ്കില്‍ ആണെങ്കില്‍ സവര്‍ണ സമുദായക്കാരന് വേണ്ടത് വെറും 28.5 മാര്‍ക്കാണ്. എന്ന് പറഞ്ഞാല്‍ എസ്.ബി.ഐയില്‍ ഇരിക്കുന്ന ക്ലര്‍ക്കുമാരില്‍ ഏറ്റവും മാര്‍ക്ക് കുറഞ്ഞവര്‍ ഇനി മുതല്‍ സവര്‍ണനായിരിക്കും, ഒരു സവര്‍ണനെ പറ്റി മുകളില്‍ പറഞ്ഞ വാചകം പറയാന്‍ ഒരു മലയാളി മധ്യവയസ്‌ക തയ്യാറാവില്ല.

അല്ലെങ്കില്‍, നിങ്ങള്‍ ഒരു സഹപ്രവര്‍ത്തകനെ പിന്നിലിരുത്തി സ്‌കൂട്ടറില്‍ പോകുകയാണെന്നിരിക്കട്ടെ, പെട്ടെന്ന് സ്‌കൂട്ടര്‍ ഒരു ഗട്ടറില്‍ വീഴുന്നു. പിറകിലിരിക്കുന്ന സഹപ്രവര്‍ത്തകന്‍ പറയും, സംവരണത്തിലൂടെ വന്ന ഏതോ ******നാണ് ഈ റോഡിന്റെ എഞ്ചിനീയര്‍. ഇത് തന്നെ നാട്ടില്‍ വല്ല തല്ലും വഴക്കും ഉണ്ടായാല്‍ സ്ഥലം എസ്.ഐ യെ പറ്റിയും പറയും. സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടയില്‍ രോഗി മരിച്ചാലും പറയുന്നത് ഇത് തന്നെ. ഈ പറച്ചിലൊന്നും ഇനി ഉണ്ടാവില്ല. ലോകത്തിലെ മുഴുവന്‍ കൊള്ളരുതായ്മക്കുമുള്ള ഉത്തരാവാദിത്വം ഇനി മുതല്‍ ‘സംവരണക്കാര്‍’ ഏറ്റെടുക്കേണ്ടി വരില്ല. ഉര്‍വശി ശാപത്തിലും എന്തെങ്കിലുമൊക്കെ ഉപകാരം വേണമെന്നാണല്ലോ.

2015 ലെ ബീഹാര്‍ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ഇന്ത്യയിലെ ജാതി സംവരണം നിര്‍ത്തണമെന്ന തരത്തില്‍ ഒരു പ്രസ്താവന നടത്തുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അതൊരു വലിയ വിഷയമായി, ബി.ജെ.പി മൂന്നാം സ്ഥാനത്തായി. എന്നിട്ടും ബി.ജെ.പി ബീഹാര്‍ ഭരിച്ചു എന്നത് കാശിന്റെ ബലം. അന്ന് ആര്‍.എസ്.എസ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം സംവരണം നിര്‍ത്താന്‍ കഴിയില്ല എന്ന്. യുദ്ധ സമയത്തത് ഒരു കോട്ട കീഴടക്കാന്‍ ഒരു തരത്തിലും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് വഴി, കോട്ടയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റി അതിനുള്ളില്‍ പൊട്ടിത്തെറിക്കുക. ആ പൊട്ടിത്തെറിയാണിപ്പോള്‍ നടക്കുന്നത്.

സംവരണം എന്നത് എത്രത്തോളം അപഹാസ്യവും യുക്തി രഹിതവും ആക്കാമോ അത്രയും ആക്കുക. അവസാനം ഇതെങ്ങനെയും നിര്‍ത്തിക്കിട്ടിയാല്‍ മതി എന്ന് ദളിതരെ കൊണ്ടും പിന്നോക്കക്കാരെ കൊണ്ടും പറയിപ്പിക്കുക. വെടക്കാക്കി തനിക്കാക്കുക എന്നും പറയാം.

സംവരണ വിരുദ്ധ രാഷ്ട്രീയത്തിന് സംവരണത്തോളം തന്നെ പഴക്കമുണ്ട്.  രാഷ്ട്രീയത്തില്‍ അംബ്ദേകറും ഗാന്ധിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങുന്നത് സംവരണത്തിന്റെ പേരിലാണ്. 1990 ല്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭവും രാജീവ് ഗോസ്വാമി എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുടെ സ്വയം തീ കൊളുത്തലും നടന്നതിന് ശേഷമാണ് അത് മൂര്‍ദ്ധന്യത്തിലെത്തുന്നത്.

രാജീവ് ഗോസ്വാമി സ്വയം തീ കൊളുത്തുന്നു

പക്ഷെ പോപ്പുലര്‍ കല്‍ച്ചറില്‍, പ്രത്യേകിച്ച് സിനിമയില്‍ സംവരണ വിരുദ്ധത വളരെ പണ്ടേ തുടങ്ങിയിരുന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന അല്ലെങ്കില്‍ കൂലിപ്പണിക്ക് പോകുന്ന സവര്‍ണ്ണന്‍, അത് കണ്ട് കണ്ണീര്‍ വാര്‍ക്കുന്ന കവിയൂര്‍ പൊന്നമ്മ എന്നത് മലയാള സിനിമയുടെ സ്ഥിരം ടെംപ്ലേറ്റ് ആയിരുന്നു ഈയടുത്ത കാലം വരെ. ജോലി മുഴുവന്‍ സംവരണക്കാര്‍ തട്ടിയെടുക്കുന്നു എന്നതാണ് ഹൈലൈറ്റ്.

ജോലിയില്‍ 50% ശതമാനം സംവരണമില്ല പരമാവധി ഒന്നേ മുക്കാല്‍ ശതമാനമേ ഉള്ളൂ എന്ന് ദീപക് ശങ്കരനാരായണന്‍ മാതൃഭൂമിയില്‍ എഴുതിയ ശ്രദ്ധേയമായ ഒരു ലേഖനത്തില്‍ സമര്‍ഥിച്ചിരുന്നു. ഇന്ത്യയിലെ മൊത്തം ജോലികളില്‍ മൂന്നര ശതമാനമേ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ മേഖലകളില്‍ ഉള്ളൂ, ബാക്കി മുഴുവന്‍ സ്വകാര്യ മേഖലയിലാണ്. അതില്‍ സംവരണമില്ല എന്ന് മാത്രമല്ല വൈറ്റ് കോളര്‍ ജോലികളില്‍ മിക്കവരും സവര്‍ണരുമാണ്. മൂന്നര ശതമാനം വരുന്ന സര്‍ക്കാര്‍ ജോലികളില്‍ അമ്പത് ശതമാനം എന്നാല്‍ മൊത്തം ജോലികളില്‍ ഒന്നേ മുക്കാല്‍ ശതമാനം, അതിനാണ് സംവരണക്കാര്‍ തട്ടിയെടുക്കുന്നെ എന്ന് പറഞ്ഞുള്ള കരച്ചില്‍.

ദീപക് ശങ്കരനാരായണന്‍

ദീപക് ആ ലേഖനം എഴുതിയിട്ട് മൂന്നു കൊല്ലം കഴിഞ്ഞു. ഇക്കഴിഞ്ഞ മൂന്നു കൊല്ലം ശ്രദ്ധേയമായ മറ്റു ചില മാറ്റങ്ങളുണ്ടായി. സര്‍ക്കാര്‍ മേഖലയിലുണ്ടായിരുന്ന മിക്ക ജോലികളും സ്വകാര്യ മേഖലക്ക് പോയി. ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു സംവരണ അട്ടിമറി.

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായിരുന്ന റെയില്‍വേ നിയമനങ്ങള്‍ ഏകദേശം പൂര്‍ണമായി തന്നെ നിര്‍ത്തിയ മട്ടാണ്. മിക്ക സര്‍വീസുകളും സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നു, ബാക്കിയുള്ളവ സബ് കോണ്‍ട്രാക്റ്റിംഗും. ആ വഴിക്കുള്ള സംവരണം തീര്‍ന്നു. മറ്റൊരു വലിയ തൊഴില്‍ ദാതാവായിരുന്ന ബി.എസ്.എന്‍.എല്‍ പൂട്ടിക്കെട്ടി, ബാങ്കുകള്‍ പരസ്പരം ലയിപ്പിച്ചു തൊഴിലവസരങ്ങള്‍ മിക്കവാറും ഇല്ലാതാക്കി. എസ്.ബി.ഐ യും പാസ്‌പോര്ട്ട് ഡിപ്പാര്‍ട്‌മെന്റും അതിന്റെ ജോലികള്‍ ചെയ്യാന്‍ റിലൈന്‍സിനെയാണ് ഏല്‍പ്പിക്കുന്നത്. വിമാനത്താവളങ്ങള്‍ മുഴുവന്‍ അദാനിക്ക് നല്‍കി. വിമാനത്താവളങ്ങളിലെ ജോലികളില്‍ ഇനി സംവരണമുണ്ടാകില്ല. അദാനിയും അംബാനിയുമൊന്നും സംവരണം പാലിക്കുന്നവരുമല്ല.

ബാക്കിയുള്ള ജോലികളില്‍ ഒന്നുകില്‍ കണ്‍സള്‍ട്ടന്‍സി അല്ലെങ്കില്‍ കോണ്‍ട്രാക്ടര്‍, അതുമല്ലെങ്കില്‍ താത്കാലിക ജോലി എന്നതാണ് രീതി. പുതു തലമുറ ജോലികള്‍, പ്രത്യേകിച്ച് ഐ.ടി ജോലികള്‍ മുഴുവന്‍ കണ്‍സള്‍റ്റസികളാണ് ചെയ്യുന്നത്. ആധാര്‍ ചെയ്യുന്നത് ഇന്‍ഫോസിസ്, ഡാറ്റ സെന്ററുകള്‍ ചെയ്യുന്നത് റിലൈന്‍സ്, കോവിഡ് ഡാറ്റ അനാലിസിസ് ചെയ്യാന്‍ ഏല്പിച്ചത് സ്പ്രിന്‍ക്ലര്‍.

ഇതൊന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണ് എന്നല്ല, പക്ഷെ കോണ്‍ട്രാക്ട് നേടുന്ന കമ്പനികളില്‍ ഏതെങ്കിലും തരത്തിലുള്ള അഫിര്‍മാറ്റിവ് ആക്ഷന്‍, അല്ലെങ്കില്‍ പോസിറ്റീവ് ഡിസ്‌ക്രിമിനേഷന്‍ വേണമെന്ന് നമ്മുടെ സര്‍ക്കാരുകള്‍ ആവശ്യപ്പെടാറില്ല. അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളും യൂണിവേഴ്‌സിറ്റികളും അഫിര്‍മാറ്റിവ് ആക്ഷനും ഡൈവേര്‍സിഫികേഷനുമൊക്കെ നിര്‍ബന്ധിക്കാറുണ്ട്. ഗൂഗിളും മൈക്രോസോഫ്റ്റും ഓക്‌സ്ഫോര്‍ഡും ഹാര്‍വാര്‍ഡുമൊക്കെ ഇതൊക്കെ ചെയ്യാറുണ്ട്.

ഇനിയിപ്പോള്‍ സംവരണതത്വം നിലനില്‍ക്കാന്‍ സാധ്യതയുള്ള മേഖലകള്‍ ഏതൊക്കെയാണ് – യാതൊരു തരത്തിലും സ്വകാര്യവല്‍ക്കരിക്കാന്‍ സാധിക്കാത്ത പൊലീസ്, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍, കളക്ടര്‍, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവ മാത്രം. ഒരു വര്‍ഷത്തില്‍ ഒരു കോടി പേര്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്ന ഇന്ത്യയില്‍ തുച്ഛമായ എണ്ണം മാത്രം വേണ്ടി വരുന്ന ഇത്തരം ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ കവിയൂര്‍ പൊന്നമ്മാര്‍ കരയുന്നത് എന്തിനാണ്.

ഉത്തരം, താഴ്ന്നവര്‍ എന്ന് തങ്ങള്‍ കരുതുന്നവര്‍ അധികാരത്തില്‍ കടന്നു വരുന്നതിലുള്ള കണ്ണുകടി, അവരുമായി അധികാരം പങ്കു വെക്കരുത് എന്ന ജാതിബോധം. സംവരണ വിരുദ്ധതയും തൊഴില്‍ നഷ്ടവുമായി ഒരു ബന്ധവുമില്ല, അധികാര നഷ്ടവുമായി മാത്രമേ അതിന് ബന്ധമുള്ളൂ.

ഇപ്പോള്‍ തുടങ്ങിയ സാമ്പിള്‍ വെടിക്കെട്ടിന്റെ കഥ കേട്ടാല്‍ തന്നെ ഞെട്ടും. ഹയര്‍ സെക്കണ്ടറി സീറ്റില്‍, ജനസംഖ്യയില്‍ കാല്‍ ശതമാനത്തിനടുത്തു വരുന്ന ഈഴവര്‍ക്കു സംവരണം ചെയ്ത സീറ്റുകള്‍ 13002, ഏകദേശം പത്തു ശതമാനമുള്ള സവര്‍ണര്‍ക്ക് 16218. എം.ബി.ബി. എസ് സീറ്റുകള്‍ യഥാക്രമം 94 ഉം 130 ഉം. എസ്.ബി.ഐയില്‍ ക്ലര്‍ക് ആകാന്‍ ദളിതനു വേണ്ടത് 61.2 ശതമാനം മാര്‍ക്ക്, അതെ ക്ലാര്‍ക്ക് ആവാന്‍ സവര്‍ണന് വേണ്ടത് വെറും 28.5 മാര്‍ക്ക്. ഇതിപ്പം തുടങ്ങിയിട്ടേയുള്ളൂ. ലിസ്റ്റുകള്‍ ഒരു പാട് വരാനുണ്ട്.

ലിസ്റ്റുകള്‍ ഒന്നൊന്നായി വന്നു തുടങ്ങുമ്പോള്‍ കണക്കുകള്‍ക്ക് പുറമെ ചില സാമൂഹ്യ യാഥാര്‍ഥ്യങ്ങളും കടന്നു വരും. നൂറു സിംഹാസനങ്ങളിലെ നാടോടിയുടെ മകനായ ധര്‍മപാലന് സിവില്‍ സര്‍വീസ് ജയിക്കാന്‍ ഇനി മുതല്‍ അഞ്ചു തലമുറയായി പദ്മനാഭന്റെ ചക്രം വാങ്ങി കൊണ്ടിരിക്കുന്ന ശശീധരന്‍ നായരുടെ മകന് കിട്ടുന്ന മാര്‍ക്കിന്റെ ഇരട്ടി വേണ്ടി വരും. അതുപോലൊരു ശശീധരന്‍ നായരും രാജഗോപാലന്‍ നായരും ചേര്‍ന്നെഴുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം ‘ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത’ എന്ന് വിശേഷിപ്പിച്ചവര്‍ക്കായി സവര്‍ണ സംവരണം നടപ്പാക്കിയത്.

കൊച്ചിയിലെ ഏതെങ്കിലും പുറമ്പോക്കിലോ അംബേദ്കര്‍ കോളനിയിലോ താമസിക്കുന്ന ദളിതന് എസ്.ബി.ഐ യില്‍ ജോലി കിട്ടാന്‍ രണ്ടര ഏക്കറിന്റെ ജന്മിയായ സഹപാഠിയെക്കാള്‍ നാല്പത് ശതമാനം മാര്‍ക്ക് അധികം വേണ്ടി വരും. ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന് ജോലി കിട്ടണമെങ്കില്‍, അല്ലെങ്കില്‍ സോനുഭദ്രയില്‍ ജന്മിമാര്‍ ട്രാക്ടറുമായി വന്നു വെടിവച്ചു കൊന്ന പത്തു പേരുടെ കുടുംബത്തിലാര്‍ക്കെങ്കിലും പോലീസാവണമെങ്കില്‍, അതെ ജന്മിയുടെ മക്കളുടെ ഇരട്ടി മാര്‍ക്ക് വേണ്ടി വരും.

പരമ്പരാഗതമായി തെങ്ങുകയറ്റക്കാരനായ, മുന്‍ തലമുറയില്‍ ഒരാള്‍ക്ക് പോലും വിദ്യാഭാസം നേടാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത മലബാറിലെ തിയ്യ സമുദായത്തില്‍ പെട്ട ഒരു കുട്ടിക്ക് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ കിട്ടാന്‍ മൂന്നു തലമുറയായി ഡോക്ടര്‍മാരുള്ള കുടുംബത്തില്‍ നിന്ന് വരുന്ന സഹപാഠിയെക്കാള്‍ ആയിരമോ രണ്ടായിരമോ നീറ്റ് റാങ്ക് കൂടുതല്‍ വേണ്ടി വരും.

സംവരണം എന്നത് ക്രമേണ ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും വലിയൊരു ബാധ്യതയാകും. ഇതെങ്ങനെയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍ നിലവിലുള്ള പ്രാധിനിത്യം പോലും ഇല്ലാതാവും എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകും. ഇപ്പോള്‍ സംവരണം വേണമെന്ന് വാദിക്കുന്നവരൊക്കെ സംവരണം നിര്‍ത്തണം എന്ന് പറഞ്ഞു സമരം ചെയ്യാന്‍ തുടങ്ങും. ഇതിനെയാണ് പഴമക്കാര്‍ മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന് പറയുന്നത്.

ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി വക്താവായ ഏതോ ഒരു വാര്യര്‍ പറഞ്ഞത് പോലെ, ഗാനമേള നടത്താനല്ല ചിത്പവന്‍ ബ്രാഹ്മണന്മാര്‍ ആര്‍.എസ്.എസ് ഉണ്ടാക്കി വച്ചിരിക്കുന്നത്, അധികാരം പിടിക്കാന്‍ തന്നെയാണ് – ആര്‍ക്കും പങ്കുവെക്കപ്പെടേണ്ടാത്ത സമ്പൂര്‍ണ അധികാരം.

ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Upper Caste Reservation: A sly move to force Dalits to give up reservation themselves

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more