| Wednesday, 27th June 2018, 10:47 pm

മൃതദേഹത്തോട് പോലും ക്രൂരത കാണിക്കുന്ന ജാതീയത ആവര്‍ത്തിക്കുന്നു; ബെള്ളൂരില്‍ ദളിതര്‍ സഞ്ചരിക്കുന്ന വഴിയടച്ച് സവര്‍ണര്‍

അലി ഹൈദര്‍

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ ബെള്ളൂര്‍ പഞ്ചായത്തിലെ ഹൊസവളിഗെ, തോട്ടത്തുമൂലെ കോളനികളിലെ ദളിതര്‍ സഞ്ചരിക്കുന്ന വഴി തടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം ചുമന്നുകൊണ്ടുപോകേണ്ടി വന്ന സംഭവം ആദ്യത്തേതല്ല. ബ്രാഹ്മണരിലെ പട്ടര്‍ വിഭാഗത്തില്‍പ്പെട്ട ഭൂവുടമകള്‍ കാലങ്ങളായി തുടരുന്ന ജാതീയതയുടെയും അയിത്തത്തിന്റെയും തുടര്‍ച്ചയാണത്.

കഴിഞ്ഞ ദിവസമാണ് എന്‍ഡോസള്‍ഫാന്‍ ഇരയായ സീതുവിന്റെ മൃതദേഹം ജാതിവിവേചനം കാരണം ചുമന്നുകൊണ്ടുപോകേണ്ടിവന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട സീതുവിന്റെ മൃതേഹം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആംബുലന്‍സില്‍ പൊസോളിഗയില്‍ എത്തിച്ചത്. എന്നാല്‍ റോഡ് അടച്ചതിനാല്‍ ആംബുലന്‍സില്‍ കോളനിയിലേക്ക് പോകാന്‍ കഴിയാതെ വന്നു. ഇതോടെ അരകിലോമീറ്റര്‍ ഇപ്പുറം ആംബുലന്‍സ് നിര്‍ത്തി മൃതദേഹം ചുമന്ന് കയറ്റം കയറുകയായിരുന്നു.

Image may contain: 1 person, standing, tree, plant, outdoor and nature

എന്നാല്‍ ഇതിന് മുമ്പും ദളിതര്‍ ഇവിടെ ക്രൂരമായ ജാതിവിവേചനത്തിന് ഇരയായിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് നവീന്‍ എന്ന് പറയുന്ന ഭൂവുടമയുടെ പറമ്പില്‍ പണിയെടുക്കുകയായിരുന്ന ഒരാളുടെ ജീവന്‍ എടുത്തത് ഇതേ ജാതിയതയാണെന്നാണ് ബെള്ളൂര്‍ പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാം പറയുന്നത്. വാഹന സൗകര്യമുണ്ടായിരുന്നെങ്കില്‍ 28 കാരനായ ആ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാമായിരുന്നു. അയാള്‍ മരിച്ചത് കൃത്യസമയത്ത് ചികിത്സ ലിഭിക്കാത്തതിനെ തുടര്‍ന്നാണ്.

ജോലിക്കിടെ പാമ്പ് കടിയേറ്റ ഇയാളെ കൂടെയുള്ളവര്‍ എടുത്ത് കൊണ്ട് പോയി ആശുപത്രിയിലെത്തിക്കണമെന്ന് കേണപേക്ഷിച്ചു. സ്വന്തമായി മൂന്ന് വണ്ടികള്‍ ഉണ്ടായിട്ടും മേത്താടിയെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് കൂടെയുള്ളവരെല്ലാം ചേര്‍ന്ന് താങ്ങിക്കൊണ്ട് താഴെ വരുകയും ഓട്ടോയില്‍ കയറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കും ചെയ്തു. അപ്പോഴേക്കും അയാളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. നിസാം ഡൂള്‍ന്യൂസിനോട് പറഞ്ഞു. അന്ന് അത് പത്രവാര്‍ത്തയ്ക്കപ്പുറം ഒന്നും സംഭവിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ല.

Image may contain: 1 person, close-up and outdoor

മൊഗേര്‍ വിഭാഗത്തില്‍പ്പെട്ട മത്താടി എന്നയാളുടെ ജീവനെടുത്തതും ഇതേ ജാതീയതയാണ്. രോഗിയായ മത്താടിയുടെ വീട്ടിലേക്ക് ആംബുലന്‍സ് കയറ്റാന്‍ ഇയാള്‍ അനുവദിച്ചില്ല. ഇയാളും ഇയാളുടെ ഗുണ്ടകളും ചേര്‍ന്ന് ആംബുലന്‍സ് തടയുകയായിരുന്നു. മത്താടിയെ ചുമന്ന് കൊണ്ടാണ് അന്ന് കാസര്‍കോട് ആശുപത്രിയില്‍ കൊണ്ട് പോയത്. മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്ന മത്താടി അവിടെ വെച്ച് മരിക്കുകയായിരുന്നു. നിസാം പറയുന്നു. അടുത്ത കാലത്തായി നടന്ന ഈ മൂന്ന് സംഭവങ്ങള്‍ക്കും ഞാന്‍ ദൃക്സാക്ഷിയാണ്. നിസാം പറയുന്നു.

ദളിതര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ.എം ഏരിയ സെക്രട്ടറി സിജി മാത്യു പറഞ്ഞു. ഈ വിഷയത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി നിയമപരമായും രാഷ്ട്രീയപരമായും സി.പി.ഐ.എം ഇടപെട്ട് കൊണ്ടിരിക്കുകയാണെന്നും ദളിതരെ വഴിനടക്കാന്‍ അനുവദിക്കണമെന്ന പാര്‍ട്ടിയുടെ എക്കാലത്തെയും നിലപാടില്‍ മാറ്റമില്ലെന്നും സിജി മാത്യു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മുമ്പ് ഇതേ ആവശ്യമുന്നയിച്ച് കൊണ്ട് സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ദളിതരെ സംഘടിപ്പിച്ച് സമരം ചെയ്തിരുന്നു. 2010ല്‍ ബെള്ളൂരില്‍ ആദ്യമായി സി.പി.ഐ.എം ഭരണ സമിതി വന്നപ്പോള്‍ ഈ റോഡിന്റെ വികസനത്തിനു ഫണ്ട് വെച്ചതും പണി നടത്തിയതും ഞങ്ങളാണെന്നും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വഴി വെട്ടിക്കൊടുത്തിരുന്നെന്നും സമരസമിതി നേതാവ് കൂടിയായ സിജി പറഞ്ഞു.

നിലവില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ സാധ്യത കൂടി പ്രയോജനപ്പെടുത്തി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യും. ദളിതര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാട് മാറുകയും ഈ ജന്മി കൈവശപ്പെടുത്തിയിരിക്കുന്ന റോഡ് ദളിതര്‍ക്ക് കൂടി സ്വതന്ത്രമായി വഴിനടക്കാന്‍ തുറന്ന് കൊടുക്കുകയും ചെയ്യുക എന്നാവശ്യപ്പെട്ട് ഈ മാസം 30 ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്നും സിജി പറഞ്ഞു.

കടുത്ത ജാതീയതയും ധാര്‍ഷ്ട്യവുമാണ് ഇയാള്‍ക്കുള്ളത്. അതിന് പഞ്ചായത്ത് ഭരണകൂടം പൂര്‍ണപിന്തുണ കൊടുക്കുന്നു. ഇയാള്‍ പഞ്ചായത്ത് ഭരിക്കുന്ന ബി.ജെ.പിയുടെ സാമ്പത്തിക സ്രോതസ്സാണെന്നും സിജി പറഞ്ഞു.

Image may contain: 1 person, standing

എന്നാല്‍ വഴികൊടുക്കാത്തത് ജാതീയതയെ തുടര്‍ന്നാണെന്ന് തോന്നുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് ആ വഴി ഒരു പഞ്ചായത്തിന്റെ അസറ്റേഷനിലുണ്ടെന്നാണ് അവര്‍ പറയുന്നത്. പക്ഷെ പഞ്ചായത്തില്‍ നിന്ന് എങ്ങനെ കിട്ടി എന്നതില്‍ ആര്‍ക്കും ഒരു ഐഡിയയും ഇല്ല. റോഡ് ആര്‍ക്ക് അവകാശപ്പെട്ടതാണെന്ന് നിയമ സാധുത നോക്കി വേണ്ടത് ചെയ്യുക എന്നതാണ് നിലവിലെ സാഹചര്യം. നിയമം അനുസരിച്ചെ നമുക്ക് പോകാന്‍ പറ്റു. മറ്റ് രണ്ട് വഴി നമ്മള്‍ നോക്കുന്നുണ്ട്. ഏതാണ് ചെയ്യാന്‍ പറ്റുക എന്നത് പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അവിടെ ജാതീയതയുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ അവിടെ പോയതാണ്. രണ്ട് കൂട്ടര്‍ ഒരു റോഡിന് വേണ്ടി അവിടെ അവകാശവാദം ഉന്നയിക്കുന്നു. അത് ഇപ്പോള്‍ തുടങ്ങിയതല്ല. കഴിഞ്ഞ 20 വര്‍ഷമായി തുടരുന്നതാണ്.-കളക്ടര്‍ പറഞ്ഞു.

നാല് പട്ടിക വര്‍ഗവും 37 പട്ടിക ജാതി വിഭാഗവുമായി 80 കുടുംബങ്ങളാണ് ഈ വഴിയെ ആശ്രയിക്കുന്നത്. ഇതിനുസമീപത്തുകൂടി പ്ലാന്റേഷനിടയിലൂടെ മറ്റൊരു വഴിയുണ്ടെങ്കിലും അത് ദൂരം കൂടുതലായതിനാല്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് സവര്‍ണരുടെ  ഭൂമിയിലൂടെയുള്ള ഈ റോഡിനെയാണ്.

കാലങ്ങളായി കോളനി നിവാസികള്‍ ഉപയോഗിക്കുന്ന വഴിക്ക് സൗകര്യം ഒരുക്കാത്തതിന് കാരണം സവര്‍ണരുടെ ധാര്‍ഷ്ട്യമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പഞ്ചായത്ത് അധികാരികള്‍ ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more