കാസര്‍കോട്: കാസര്‍കോട് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊലപാതകത്തില്‍ മുസ്‌ലിം സഹോദരന് ജീവന്‍ നഷ്ടമായത് അത്യധികം ദു:ഖകരമാണെന്നും നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും തികച്ചും ഒറ്റപ്പെട്ട സംഭവമാണിത്. മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
Read Also : ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍ ഒടുവില്‍ കമ്യൂണിസ്റ്റായി
സോങ്കാല്‍ പ്രതാപ് നഗര്‍ സ്വദേശിയായ സിദ്ധിക്ക് രാത്രിയോടെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സിദ്ധീക്കിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആണെന്ന് സി.പി.ഐ.എം നേതൃത്വം ആരോപിച്ചു. പ്രകോപനമില്ലാതെയാണ് ആര്‍.എസ്.എസ് സംഘം അക്രമം അഴിച്ചു വിട്ടതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.