| Monday, 8th January 2024, 1:55 pm

'ഇത് എ.ഐ ലോകമല്ല, യു.ഐ ലോകം' ഉപേന്ദ്രയുടെ പാന്‍ ഇന്ത്യന്‍; ചിത്രത്തില്‍ സണ്ണി ലിയോണുമെത്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നട നടന്‍ ഉപേന്ദ്രയുടെ അടുത്ത സംവിധാന ചിത്രമാണ് യു.ഐ. ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ഉപേന്ദ്രയുടെ സംവിധാനത്തിലെത്തുന്ന പതിനൊന്നാമത്തെ ചിത്രമാണ് ഇത്.

യു.ഐ അദ്ദേഹത്തിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ ചിത്രമാകുമെന്നാണ് പ്രതീക്ഷ. ഉപേന്ദ്ര തന്നെയാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്. 2022 ജൂണില്‍ യു.ഐയുടെ പ്രഖ്യാപനം ഉണ്ടായത് മുതല്‍ സിനിമാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ ചിത്രത്തിന്റെ അപ്‌ഡേഷന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ഇപ്പോള്‍ ലഹാരി ഫിലിംസിന്റെ യൂട്യൂബിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത് വന്നു. ഒരു മിനിട്ടും 56 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസര്‍ ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്നതാണ്.

‘ഇത് എ.ഐ ലോകമല്ല ഇത് യു.ഐ ലോകമാണ്’ എന്ന് പറഞ്ഞ് തുടങ്ങുന്ന ടീസറില്‍ പിന്നീട് ഡയലോഗുകളൊന്നും തന്നെയില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം ടീസറില്‍ ശക്തമായ ബി.ജി.എമ്മും ഭംഗിയുള്ള സീനുകളും ഉള്‍പ്പെടുന്നുണ്ട്.

നൂറ് കോടിയിലധികം രൂപയുടെ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സണ്ണി ലിയോണുമുണ്ടാകും. കന്നഡയ്ക്കൊപ്പം, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ സിനിമ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉപേന്ദ്രക്കും സണ്ണി ലിയോണിനും പുറമെ ചിത്രത്തില്‍ റീഷ്മ നാനയ്യ, മുരളി ശര്‍മ, നിധി സുബ്ബയ്യ, രവി ശങ്കര്‍, മുരളി കൃഷ്ണ, ഇന്ദ്രജിത്ത് ലങ്കേഷ്, സാധു കോകില, കോക്ക്റോച്ച് സുധി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തിലെ മുഴുവന്‍ സംഗീതവും ഒരുക്കിയിരിക്കുന്നത് കാന്താരയിലൂടെ പ്രശസ്തനായ ബി. അജനീഷ് ലോക്നാഥാണ്.

ലഹാരി ഫിലിംസിന്റെയും വീനസ് എന്റര്‍ടെയ്നേഴ്സിന്റെയും ബാനറില്‍ ജി. മനോഹരന്‍, ശ്രീകാന്ത് കെ.പി. ആന്‍ഡ് കോ എന്നിവര്‍ ചേര്‍ന്നാണ് യു.ഐ നിര്‍മിക്കുന്നത്. ആര്‍ട്ട് ഡയറക്ഷന്‍ – ശിവകുമാര്‍, വി.എഫ്.എക്സ് – നിര്‍മല്‍ കുമാര്‍.

Content Highlight: Upendra’s Pan Indian Movie Ui First Look Teaser Out

Latest Stories

We use cookies to give you the best possible experience. Learn more