| Tuesday, 29th September 2020, 6:37 pm

ബി.എസ്.പിയുമായി സഖ്യം ചേര്‍ന്ന് ആര്‍.എല്‍.എസ്.പി; ബീഹാറില്‍ മത്സരിക്കാന്‍ നാലാമതൊരു മുന്നണി കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സഖ്യത്തില്‍ മത്സരിക്കാന്‍ ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി തീരുമാനം. ബി.എസ്.പി അധ്യക്ഷ മായാവതി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘ആര്‍.എല്‍.എസ്.പിയ്ക്കും മറ്റ് പാര്‍ട്ടികള്‍ക്കുമൊപ്പം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഉപേന്ദ്ര കുശ്‌വാഹയായിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി’, മായാവതി പറഞ്ഞു. ജന്‍വാദി പാര്‍ട്ടി സോഷ്യലിസ്റ്റും സഖ്യത്തിന്റെ ഭാഗമാണ്.

ബീഹാറിനെ വെള്ളപ്പൊക്കത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ പുതിയ സഖ്യത്തിനാകുമെന്ന് മായാവതി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് മുന്നണികള്‍ മത്സരരംഗത്തുണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.

എന്‍.ഡി.എയ്ക്കും മഹാസഖ്യത്തിനും പുറമെ മൂന്നാം മുന്നണിയായി ചന്ദ്ര ശേഖര്‍ ആസാദ് രാവണും പപ്പു യാദവും പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയന്‍സ് രൂപീകരിച്ചിരുന്നു.

പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി), ചന്ദ്ര ശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി (എ.എസ്.പി), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ), ബഹുജന്‍ മുക്തി പാര്‍ട്ടി (ബി.എം.പി) എന്നീ പാര്‍ട്ടികളാണ് ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകുന്നത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ ഇടത് പാര്‍ട്ടികളേയും ഉള്‍പ്പെടുത്തണമെന്ന് ആര്‍.ജെ.ഡിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

മഹാസഖ്യത്തില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ച ഇനിയും അന്തിമമായിട്ടില്ല. അതിനിടെയാണ് പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 10 നാണ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Upendra Kushwaha’s RLSP Announces Alliance with BSP & JPS for Bihar Polls

Latest Stories

We use cookies to give you the best possible experience. Learn more