മെന്‍സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് അടിച്ചോടിച്ച് പൊലീസ്; കൊവിഡ് മാറിയാല്‍ ശക്തമായി തിരിച്ചുവരുമെന്ന് സംഘടന
actress attack case
മെന്‍സ് അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് അടിച്ചോടിച്ച് പൊലീസ്; കൊവിഡ് മാറിയാല്‍ ശക്തമായി തിരിച്ചുവരുമെന്ന് സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2022, 3:05 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി നടത്താന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതായി ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അജിത് കുമാര്‍ അറിയിച്ചത്.

പൊലീസ് ഇടപെട്ടതോടെ ഫ്‌ളക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സംഘടന മാറ്റിയതായും പ്രതിഷേധ മാര്‍ച്ചിനെത്തിയവരെ പൊലീസ് ഓടിക്കുകയായിരുന്നെന്നും അജിത് കുമാര്‍ പറഞ്ഞു.

‘വന്നവരെ ഓരോരുത്തരെയായി പൊലീസ് ഓടിച്ചു. ഏഴ് പേരെ മാത്രമാണ് പരിപാടി നടന്നിടത്ത് നില്‍ക്കാന്‍ അനുവദിച്ചത്,’ അജിത് പറഞ്ഞു.

ദിലീപിന്റെ അവസ്ഥ മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാന്‍ പാടില്ല. ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ദിലീപ് ജനപ്രിയ നടനാണ്. ഇത്തരമൊരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ തന്നെ വിളിച്ച് അഭിനന്ദിച്ചത് സ്ത്രീകളാണെന്നും അജിത് പറയുന്നു.

”പ്രതിഷേധ മാര്‍ച്ച് മറ്റൊരു ദിവസം നടത്തും. ഞങ്ങള്‍ ഇതിന്റെ പതിന്‍മടങ്ങ് ശക്തിയോടെ കൊവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും,’ അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

സിനിമാ-സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരുന്നു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാനിരുന്നത്. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടന പറയുന്നത്.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാര്‍ച്ച് തുടങ്ങുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെങ്കിലും ഇതുവരെ മാര്‍ച്ച് ആരംഭിച്ചിട്ടില്ല. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് കാരണം. അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപ്, സഹോദരന്‍ പി. ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഇന്നത്തേക്കു പരിഗണിക്കാന്‍ മാറ്റിയിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Updation, Police beat the Men’s Association Protest March; The organization says it will make a strong comeback if covid changes