കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം 5 പ്രതികളുടെയും ആദ്യഘട്ട ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഇവരുടെ മൊഴികള്‍ പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കും. ഞായര്‍ ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ചോദ്യ ചെയ്യലിന് ഹാജരായിരുന്നു.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്. ഇതുവരെയും ദീലീപ് അടക്കമുള്ള പ്രതികളെ ഒറ്റയ്ക്ക് ഒറ്റയ്ക്കായിരുന്നു ചോദ്യം ചെയ്തിരുന്നത്. ഇനിയുള്ള സെഷനുകളില്‍ ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് ചോദ്യം ചെയ്യുന്ന സംഘത്തിനൊപ്പം ചേരും.
ദിലീപിനെതിരായ കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പൊലീസിന്റെ ജോലി. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യംചെയ്യല്‍ കൃത്യമായി ചെയ്യും. കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാന്‍ നിയമപരമായ തടസങ്ങളൊന്നുമില്ല.
ചോദ്യംചെയ്യല്‍ നടക്കുമ്പോള്‍ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരുരീതിയില്‍ പൊലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരിക്കുമ്പോള്‍ ഒരുപ്രത്യേകരീതിയില്‍ തെളിവുകള്‍ കിട്ടും. നിസഹകരിച്ചാല്‍ വേറൊരുരീതിയിലും തെളിവുകളുണ്ടാകും. സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. നിസ്സഹകരണമുണ്ടെങ്കില്‍ കോടതിയെ കാര്യങ്ങള്‍ അറിയിക്കും. കോടതി നിര്‍ദേശം അനുസരിച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു. മാധ്യമങ്ങളെ കണ്ടതിന് ശേഷം അദ്ദേഹം കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ചോദ്യം ചെയ്യുകയാണിപ്പോള്‍.
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചിരുന്നു. ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
രാത്രി എട്ട് മണിവരെയാകും ദിലീപ് അടക്കമുള്ള പ്രതികളെ ഞായറാഴ്ച ചോദ്യംചെയ്യുക. ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും അന്വേഷണം തടസ്സപ്പെടുത്തുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്നും ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS : Updatiion actress attacking case crime branch questioning Dileep