മുംബൈ: ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി വാദിക്കുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.
അര്‍ണാബിന്റെ അറസ്റ്റിനെ ഒരിക്കലും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി കാണാന്‍ സാധിക്കില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും ശിവസേന നേതാവുമായ അനില്‍ പരാബ് പറഞ്ഞു.
ഈ കേസിന് ഒരു തരത്തിലും മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധമില്ല, അര്‍ണബ് ഗോസ്വാമി തങ്ങളുടെ പ്രവര്‍ത്തകനാണെന്ന രീതിയിലും അര്‍ണബിനെ വ്യാജമായി അറസ്റ്റ് ചെയ്തതാണെന്ന തരത്തിലുമാണ് ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും പരാതിപ്പെടുന്നത്. കൂടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തത്. ഇവിടെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്റെ കാര്യമെവിടെയാണ്? പരാബ് ചോദിച്ചു.
സര്‍ക്കാരില്‍ നിന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ പ്രതികാര നടപടിയോ ആക്രമണമോ ഇല്ലെന്ന് താന്‍ ആവര്‍ത്തിക്കുന്നെന്നും പരാബ് പറഞ്ഞു.
അതേസമയം അര്‍ണബിന്റെ അറസ്റ്റിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.
അതേസമയം അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.
ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Updates of Arnab Goswamy’s Arrest