| Friday, 9th July 2021, 9:25 am

അനന്തുവെന്ന പേരില്‍ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയുമാണെന്ന് രേഷ്മയെ അറിയിച്ച് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചുകൊന്ന കേസിലെ പ്രതി രേഷ്മയെ ജയിലില്‍ ചോദ്യം ചെയ്തു.

ആര്യയും ഗ്രീഷ്മയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പൊലീസ് സംഘം രേഷ്മയെ അറിയിച്ചു. വിവരമറിഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ രേഷ്മ പൊട്ടിക്കരഞ്ഞു.

അനന്തു എന്ന ഫേസ്ബുക്ക് സുഹൃത്തിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നുവെന്ന് രേഷ്മ മൊഴി നല്‍കി. എന്നാല്‍ കാണാന്‍ കഴിയാതെ മടങ്ങുകയായിരുന്നെന്നും ഗര്‍ഭിണി ആയിരുന്ന കാര്യം ചാറ്റില്‍ സൂചിപ്പിച്ചിരുന്നില്ലെന്നുമാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്.

ഫേസ്ബുക്ക് കാമുകനായ അനന്തു എന്ന വ്യാജ ഐ.ഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവര്‍ രേഷ്മയുടെ ബന്ധുക്കളായിരുന്നു.

ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ‘കാമുകന്റെ’ കാര്യത്തില്‍ സ്ഥിരീകരണമായത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.
നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ജൂണ്‍ 22-നാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് കണ്ടെത്തിയത്.

പൊലീസ് ചോദ്യംചെയ്യലില്‍ രേഷ്മ കുറ്റം സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. തുടര്‍ന്ന് യുവതി ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി അന്വേഷണം ആരംഭിച്ചു.
രേഷ്മ ഉപയോഗിച്ചിരുന്നത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. ഇതേത്തുടര്‍ന്ന് ആര്യയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. എന്നാല്‍, ഇതിനു പിന്നാലെ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ആറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചത്. ആര്യയെ മാത്രമാണ് പൊലീസ് നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്. പക്ഷേ, ഇവര്‍ ഗ്രീഷ്മയെയും കൂട്ടി ജീവനൊടുക്കുകയായിരുന്നു. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യവും ഉയര്‍ന്നു.
തുടര്‍ന്ന് രേഷ്മയുടെയും ആര്യയുടെയും ഭര്‍ത്താക്കന്മാരില്‍നിന്ന് പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനു ശേഷമാണ് ഗ്രീഷ്മയുടെ സുഹൃത്തിലേക്കും അന്വേഷണം നീണ്ടത്. ഇയാളെ ചോദ്യം ചെയ്തതോടെ കേസില്‍ ഏറെ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

തമാശയ്ക്ക് വേണ്ടിയാണ് അനന്തു എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് ഐ.ഡി. നിര്‍മിച്ച് ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ.
ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. സാഹചര്യത്തെളിവുകള്‍ ഒന്നും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ അന്വേഷണത്തിലാണ് രേഷ്മ അറസ്റ്റിലാകുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  updates kollam kalluvathukka Reshma case

We use cookies to give you the best possible experience. Learn more