ജഡ്ജിയുടെ മരണം; കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തു; ഇടിച്ച ഓട്ടോ കസ്റ്റഡിയില്‍
national news
ജഡ്ജിയുടെ മരണം; കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തു; ഇടിച്ച ഓട്ടോ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th July 2021, 3:29 pm

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നടത്താനും തീരുമാനമായി. ജഡ്ജിയെ ഇടിച്ച ഓട്ടോ കസ്റ്റഡിയില്‍ എടുത്തു.

അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നുവന്നത്.

കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് വ്യക്തമാണ്.

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Updates judge’s death