പട്‌ന: ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷവും ബീഹാറില്‍ നിതീഷിനൊരു തിരിച്ചുവരവിന് അവസരമുണ്ടാകില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്
എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍. നിതീഷിനെ കൊണ്ട് ഇനി ബീഹാര്‍ ഭരിപ്പിക്കില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയുമാണെന്ന് ചിരാഗ് പറയുന്നുണ്ട്.
നവംബര്‍ 10 ലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനത്ത് ഉണ്ടാവില്ലെന്നാണ് ആദ്യ ഘട്ട വോട്ടെടുപ്പിന് പിന്നാലെ ചിരാഗ് പറയുന്നത്.
തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരില്ലെന്ന് ഉറപ്പിക്കുന്നതെന്നാണ് ചിരാഗ് പറയുന്നത്. ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് ബി.ജെ.പിയും എല്‍.ജെ.പിയുമാണെന്നും ചിരാഗ് ആവര്‍ത്തിക്കുന്നു.
”ബീഹാറിലെ വികസനം ആഗ്രഹിക്കുന്ന, തൊഴിലില്ലായ്മയും അഴിമതിയും സംസ്ഥാനത്ത് അവസാനിക്കണമെന്നും കുടിയേറ്റം അവസാനിപ്പിക്കണമെന്നും ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ബി.ജെ.പിയുടെയും എല്‍.ജെ.പിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യുകയാണ്. ഇത്തവണ ജനങ്ങള്‍ മാറ്റത്തിനും വികസനത്തിനും വോട്ട് ചെയ്തു. നവംബര്‍ 10 ന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാറിന് സ്ഥാനം നിലനിര്‍ത്താന്‍ കഴിയില്ലെന്ന് എന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും എനിക്ക് ലഭിക്കുന്ന ഫീഡ്ബാക്ക് വ്യക്തമാക്കുന്നു. ബീഹാറില്‍ ബി.ജെ.പി-എല്‍.ജെ.പി പുതിയ സര്‍ക്കാര്‍ രൂപീകരിക്കും,” ചിരാഗ് പാസ്വാന്‍ പറഞ്ഞു.
ബീഹാറിലെത്തിയ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ നിതീഷ് പ്രതികരിച്ചില്ലെന്ന് പറഞ്ഞായിരുന്നു ചിരാഗിന്റെ വിമര്‍ശനം.
ബീഹാറില്‍ ദുര്‍ഗ വിഗ്രഹ പൂജയ്ക്കിടെ മുന്‍ഗെറില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിലും ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഉത്തരവില്ലാതെ അത് നടക്കില്ലെന്നായിരുന്നു ചിരാഗ് പാസ്വാന്‍ ആരോപിച്ചത്.
”മുന്‍ഗറിലെ മാ ദുര്‍ഗ ഭക്തര്‍ക്ക് സംഭവിച്ചത് ലജ്ജാകരമെന്ന് വിളിച്ചാല്‍ മാത്രം പോരാ. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പ്രാദേശിക ഭരണകൂടം നടപടിയെടുത്തത്. സര്‍ക്കാരിന്റെ
ഉത്തരവില്ലാതെ വെടിവയ്പ്പ് നടക്കില്ല,” ചിരാഗ് പറഞ്ഞു. ദുര്‍ഗയുടെ ഭക്തര്‍ നവംബര്‍ 10 ന് നിതീഷിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ചിരാഗ് പറയുന്നു.
നേരത്തെ ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍മാര്‍ക്കിടയില്‍ സീവോട്ടേഴ്സ് നടത്തിയ സര്‍വ്വേയുടെ ഫലം ബി.ജെ.പി- എല്‍.ജെ.പി രഹസ്യ ധാരണയെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ആളുകളും കരുതുന്നത് ബി.ജെ.പിയും എല്‍.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ്.
‘എല്‍.ജെ.പിയും ബി.ജെ.പിയും യഥാര്‍ത്ഥത്തില്‍ പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഉണ്ട് എന്നാണ് ഉത്തരം പറഞ്ഞത്.
വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ചിരാഗ് ഇത്തരത്തില്‍ ഒരു നീക്കം തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രയാപ്പെട്ടു.
ചിരാഗ് പാസ്വാന്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍, പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 57.7 ശതമാനം പേര്‍ ഉണ്ടെന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. നേരത്തെയും ആര്‍.എസ്.എസ് ചിരാഗ് പാസ്വാന് അനുകൂലമായ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബി.ജെ.പി നിലവില്‍ ചിരാഗ് പാസ്വാന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും ഏതെങ്കിലും ഘട്ടത്തില്‍ എല്‍.ജെ.പിക്ക് അനുകൂലമായ നിലപാടെടുത്താല്‍ നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായിരിക്കും.
ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 28 ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നു. നവംബര്‍ 3,7 തിയതികളിലായിട്ടാണ് അടുത്ത ഘട്ടങ്ങള്‍. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.