ആര് നേടും ബീഹാര്‍? 243 സീറ്റുകള്‍, 3755 സ്ഥാനാര്‍ത്ഥികള്‍, ഫലംകാത്ത് തേജസ്വിയും നിതീഷും
Bihar Election
ആര് നേടും ബീഹാര്‍? 243 സീറ്റുകള്‍, 3755 സ്ഥാനാര്‍ത്ഥികള്‍, ഫലംകാത്ത് തേജസ്വിയും നിതീഷും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 7:43 am

പട്‌ന: ബീഹാറില്‍ വോട്ടെണ്ണാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. 8 മണ്ണിയോടെ വോട്ട് എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ഫല സൂചന വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.

കിഴക്കന്‍ ചമ്പാരന്‍ (12 നിയമസഭാ മണ്ഡലങ്ങള്‍ ), ഗയ (10 സീറ്റുകള്‍), സിവാന്‍ (എട്ട് നിയോജകമണ്ഡലങ്ങള്‍), ബെഗുസാരായി (ഏഴ് നിയോജകമണ്ഡലങ്ങള്‍) എന്നിങ്ങനെ നാല് ജില്ലകളിലായി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബര്‍ 28 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,066 സ്ഥാനാര്‍ത്ഥികള്‍).
രണ്ടാം ഘട്ടം നവംബര്‍ 3 നായിരുന്നു. 17 ജില്ലകളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത് (1,463 സ്ഥാനാര്‍ത്ഥികള്‍).
നവംബര്‍ 7 ന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,204 സ്ഥാനാര്‍ത്ഥികള്‍).

എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ പറയുന്നത് ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നാണ്. എന്നാല്‍ എക്‌സിറ്റ് പോളിനെ തള്ളി നിതീഷ് കുമാറും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

ആക്സിസ് സര്‍വേ പ്രകാരം മഹാസഖ്യത്തിന് ഈ മേഖലയിലെ 49 സീറ്റുകളില്‍ 33 സീറ്റുകള്‍ നേടാനാകുമെന്നാണ് പ്രവചനം. ഇത് മൊത്തം സീറ്റുകളുടെ മൂന്നില്‍ രണ്ട് ഭാഗമാണ്.

എന്‍.ഡി.എയെക്കാള്‍ 12 ശതമാനമായിരിക്കും മഹാസഖ്യത്തിന് ഈ മേഖലയില്‍ ലഭിക്കാന്‍ പോകുന്ന ലീഡ് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇടതു പാര്‍ട്ടികള്‍ക്ക് 29 സീറ്റുകളാണ് ആര്‍.ജെ.ഡി നല്‍കിയത്. 19 സീറ്റുകളിലാണ് സി.പി.ഐ.എം.എല്‍ മത്സരിച്ചത്.

മഹാസഖ്യം വിജയിക്കുകയാണെങ്കില്‍ അത് സി.പി.ഐ.എം.എല്ലിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ കൂടി ഫലമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എ.ബി.പി ന്യൂസ് പ്രവചിക്കുന്നു. ആര്‍.ജെ.ഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക.

മഹാസഖ്യത്തിന് ആകെ 108 മുതല്‍ 131 വരെ സീറ്റാണ് എ.ബി.പി പ്രവചിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചനം.

ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

ടൈംസ് നൗ-സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.

എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു.

അതേസമയം ഇന്ത്യാ ടി.വി എക്സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്.

243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Bihar Election Counting Starts at 8 am, tuesday