കോഴിക്കോട് :ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.എം വേലായുധന്‍. വേലായുധന്‍ തന്നെയാണ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എം വേലായുധന്‍ രംഗത്തെത്തിയിരുന്നു.
സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞിരുന്നു.
ബി.ജെ.പിയില്‍ കെ സുരേന്ദ്രനെതിരെ വലിയരീതിയിലുള്ള വിയോജിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ മിസോറാം ഗവര്‍ണറായുള്ള ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ച വളരെ നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.
ബി.ജെ.പി അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയ അധ്യക്ഷ കാലാവധി അവസാനിക്കാനിരിക്കേയാണ് മിസോറാം ഗവര്‍ണര്‍റായി നിയമിച്ചത്. പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന്‍ എത്തുകയായിരുന്നു.
എന്നാല്‍ ഗവര്‍ണറായി നിയമിതനായതിന്റെ ഒരു കൊല്ലം തികയുന്ന വേളയില്‍ കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം ശ്രീധരന്‍ പിള്ള സൂചിപ്പിച്ചതുമാണ്.
ബി.ജെ.പിയില്‍ നിലവിലുള്ള പ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ പുതിയ നീക്കത്തിനുള്ള തയ്യാറെടുപ്പിലാണോ വേലയുധനുള്‍പ്പെടെ ഉള്ള നേതാക്കള്‍ എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്.
സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്‍ പരസ്യമായി രംഗത്തുവന്നതിന് പിന്നാലെയായിരുന്നു പി.എം വേലായുധനും സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
പാര്‍ട്ടിക്കകത്തെ വ്യക്തികളിലാണ് പോരായ്മയെന്നും പാര്‍ട്ടിയുടെ ആശയത്തേയും ആദര്‍ശത്തേയും കാറ്റില്‍ പറത്തിക്കൊണ്ട് ആ വ്യക്തികള്‍ക്ക് തോന്നുന്ന മാതിരി മുന്നോട്ട് പോകുന്നത് അപകടമാണെന്നും വേലായുധന്‍ പറഞ്ഞിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ തെറ്റ് തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാവണമെന്നും വേലായുധന്‍ പറഞ്ഞു.
പല പ്രസ്ഥാനങ്ങളിലും പോയി എല്ലാ ആനുകൂല്യങ്ങളും കൈപറ്റി അതെല്ലാം വലിച്ചെറിഞ്ഞ് ബി.ജെ.പിയിലേക്ക് വരുന്നവരെ സ്വീകരിക്കുമ്പോള്‍ പ്രസ്ഥാനത്തിന് വേണ്ടി ചോരയും നീരും ഒഴുക്കിയവരെ ചവിട്ടിപുറത്താക്കുന്ന നടപടിയാണുള്ളതെന്നും ഇത് കേരളത്തില്‍ മാത്രമെ കാണുള്ളുവെന്നും വേലായുധന്‍ ആരോപിച്ചിരുന്നു.
”എന്നെ പോലുള്ള നിരവധി പേര്‍ ഇന്ന് പാര്‍ട്ടിയില്‍ ദുഃഖിതരാണ്. ഇതെല്ലാം പറയേണ്ട ഒരു ആസ്ഥാനം സംസ്ഥാന അധ്യക്ഷനാണ്. ആ അധ്യക്ഷന്‍ അതിന് തയ്യാറാകാതെ വന്നാല്‍ എന്ത് ചെയ്യും. വേറെ വഴികളൊന്നുമില്ല,” വേലായുധന്‍ പറഞ്ഞു.
എന്തുകൊണ്ടാണ് സുരേന്ദ്രന് ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പ്രസിഡന്റായപ്പോള്‍ തന്നെയൊക്കെ ചവിട്ടുന്നതിന്റെ മറുപടി സുരേന്ദ്രനാണ് പറയേണ്ടതെന്നും വേലായുധന്‍ പറഞ്ഞു.
അഹങ്കാരവും അഹന്തയും താഴെവെക്കണമെന്നും ബി.ജെ.പി ആരുടേയും തറവാട് സ്വത്തല്ലെന്നും പറഞ്ഞ വേലായുധന്‍ പാര്‍ട്ടിവിടാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മറുപടി പറഞ്ഞത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഓഫറുകളുണ്ടോ എന്ന് പറയാന്‍ പറ്റില്ലെന്നും വേലായുധന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Updates BJP Disputes, New Moves By Group Of BJP leaders