വണ്‍ ലാസ്റ്റ് ടൈം... ദളപതിയുടെ അവസാനസിനിമയെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
Film News
വണ്‍ ലാസ്റ്റ് ടൈം... ദളപതിയുടെ അവസാനസിനിമയെക്കുറിച്ചുള്ള ആരാധകരുടെ അഭിപ്രായം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 8:34 pm

തമിഴിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരിലൊരാളാണ് വിജയ്. 1992ല്‍ റിലീസായ നാളെയ തീര്‍പ്പിലൂടെ നായകനായി അരങ്ങേറിയ വിജയ് 1996ല്‍ റിലീസായ പൂവേ ഉനക്കാക എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയുടെ ഇളയ ദളപതിയായി. ഇന്ന് തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടനാണ് വിജയ്. സ്റ്റാര്‍ഡത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് വിജയ് തന്റെ രാഷ്ട്രീയപ്രഖ്യാപനം നടത്തിയത്. മുമ്പ് ഏറ്റെടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ടി ഇറങ്ങുമെന്ന് വിജയ് അറിയിച്ചു.

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. തങ്ങളുടെ ദളപതിയെ ഇനി വളരെ കുറച്ച് സമയം മാത്രമേ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിയുള്ളൂവെന്ന വസ്തുത ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ രാഷ്ട്രീയപ്രവേശത്തിന് മുമ്പുള്ള വിജയ്‌യുടെ അവസാനസിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. കന്നഡ, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിരവധി ഹിറ്റുകളൊരുക്കിയ കെ.വി.എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

വിജയ്‌യുടെ ആരാധകര്‍ തങ്ങളുടെ ഇഷ്ടതാരത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കെ.വി.എന്‍ പ്രൗഡക്ഷന്‍സ് അപ്‌ഡേറ്റ് പുറത്തുവിട്ടത്. അഞ്ച് മിനിറ്റോളം ദൈര്‍ഖ്യമുള്ള വീഡിയോയില്‍ വിജയ് എന്ന നടന് ആരാധകരിലുള്ള സ്വാധിനം വരച്ചുകാട്ടുന്നുണ്ട്. ‘വണ്‍ ലാസ്റ്റ് ടൈം’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് നാളെ പുറത്തിറക്കുമെന്നാണ് അറിയിച്ചത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യുവസംവിധായകരില്‍ ശ്രദ്ധേയനായ എച്ച്. വിനോദാണ് ദളപതി 69 അണിയിച്ചൊരുക്കുന്നത്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ അനിരുദ്ധാകും വിജയ്ക്ക് വേണ്ടി സംഗീതമൊരുക്കുക. ചിത്രത്തിലെ നായികയായി സമന്ത എത്തുമെന്നും മറ്റൊരു പ്രധാനവേഷത്തില്‍ മലയളി താരം മമിത ബൈജുവും ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

അതേസമയം വിജയ്‌യുടെ പുതിയ ചിത്രം ഗോട്ട് ഇതിനോടകം 380 കോടി ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കി. 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന നാലാമത്തെ വിജയ് ചിത്രമാണ് ഗോട്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 120 കോടിയോളമാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ നേടുന്ന എട്ടാമത്തെ വിജയ് ചിത്രമാണ് ഇത്. മറ്റൊരു നടനു ഈ നേട്ടമില്ല.

Content Highlight: Update of Thalapathy69 announced by officials