| Saturday, 21st September 2024, 8:34 am

കാനിൽ തിളങ്ങിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇനി മലയാളത്തിൽ, കേരള റിലീസുമായി പായൽ കപാഡിയ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ (പ്രഭയായ് നിനച്ചതെല്ലാം) 2024 സെപ്റ്റംബർ 21 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. ഈ വർഷം ആദ്യം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം രചിച്ച ഈ ചിത്രം,  ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറിയിരുന്നു.

റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രം, തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദർശിപ്പിക്കും. ചിത്രത്തിൻറെ ഇന്ത്യയിലെ തിയേറ്റർ യാത്രയിലെ ആദ്യ നാഴികക്കല്ലായി കേരള റിലീസിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് ചിത്രത്തിന് മലയാളത്തിൽ നൽകിയിരിക്കുന്ന പേര്.

മുംബൈയിൽ ജോലി ചെയ്യാനും അവരുടെ ജീവിത അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും കേരളത്തിൽ നിന്ന് വരുന്ന രണ്ട് സ്ത്രീകളാണ് ചിത്രത്തിൻ്റെ ഹൃദയമെന്നും, അതിനാൽ ഈ ചിത്രം തിയേറ്റർ പ്രദർശനം നടത്തുന്ന ആദ്യ സംസ്ഥാനം കേരളം ആയിരിക്കണം എന്നത് ഏറ്റവും ഉചിതമായ കാര്യമാണെന്നും സംവിധായിക പായൽ കപാഡിയ പറഞ്ഞു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ചിത്രം കാണാൻ കഴിയുമെന്നതിൽ താൻ ആവേശഭരിതയാണെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൽ നിന്ന് ആരംഭിച്ച് ഇന്ത്യയിലെ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ അവിശ്വസനീയമായ ചിത്രം എത്തിക്കാൻ സാധിച്ചതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് സ്പിരിറ്റ് മീഡിയ ഉടമ റാണ ദഗ്ഗുബതി പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന, ഒന്നിലധികം ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങളിലൂടെ ഈ ചിത്രം ഒരു പാൻ ഇന്ത്യൻ അനുഭവമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഈ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതാ ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്.

കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതിനു ശേഷം, ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ നിരവധി മേളകളിൽ പ്രദർശിപ്പിക്കാൻ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ മലയാളം-ഹിന്ദി ചിത്രം നഴ്സ് പ്രഭയുടെ കഥയാണ് പറയുന്നത്. ഇന്ത്യയിൽ നിന്നുള്ള ചോക്ക് ആൻഡ് ചീസ് ഫിലിംസ്, ഫ്രാൻസിൽ നിന്നുള്ള പെറ്റിറ്റ് കായോസ് എന്നിവ ചേർന്നുള്ള ഒരു ഔദ്യോഗിക ഇന്തോ-ഫ്രഞ്ച് സഹനിർമാണമാണ് ഈ ചിത്രം.

Content Highlight: Update Of Kerala Release Of All We Imagine As Light

Latest Stories

We use cookies to give you the best possible experience. Learn more