ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ പഞ്ചാബിലെ ജലന്ധറില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവികതയുണ്ടെന്ന് കുടുംബം.
ജലന്ധര്‍ രൂപത പരിധിയിലെ കോണ്‍വെന്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കന്യാസ്ത്രീയെ കണ്ടെത്തിയത്. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്‌സി(31) ആണ് മരിച്ചത്.
നവംബര്‍ 30ന് ആത്മഹത്യ ചെയ്തതായാണ് സഭാ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് കുടുംബം പറയുന്നു. കോണ്‍വെന്റിന്റെ നടപടികളില്‍ സംശയമുണ്ടെന്ന് കാണിച്ച് പിതാവ് ജോണ്‍ ഔസേഫ് കളക്ടര്‍ക്ക് പരാതി നല്‍കി.
ജലന്ധര്‍ രൂപതയില്‍പെട്ട സാദിഖ് ഔവ്വര്‍ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വെന്റിലായിരുന്നു മേരിമേഴ്‌സി. നാലുവര്‍ഷമായി ഈ കോണ്‍വെന്റിലാണ് കഴിയുന്നത്. 29 ന് രാത്രിയും മകള്‍ വീട്ടിലേക്കു വിളിച്ചിരുന്നു. സന്തോഷത്തോടെയാണ് സംസാരിച്ചത്. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ചടക്കം ആഹ്ലാദത്തോടെ സംസാരിച്ചിരുന്നതായും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല.
മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു.
Content Highlights: Update Malayali Nun’s death