ഓള്‍ റൗണ്ടര്‍ പൃഥ്വിരാജിപ്പോള്‍ ഫോമിലാണ്| D Movie
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023 എന്ന വര്‍ഷം തന്റെ കൈപ്പിടിയിലൊതുക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് പ്രഥ്വിരാജ് സുകുമാരന്‍. ബിഗ് ബജറ്റ് സിനിമകളുമായാണ് താരം 2023 എന്ന വര്‍ഷത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നത്. കാലങ്ങള്‍ക്ക് മുമ്പ് പറഞ്ഞു വെച്ച സ്വപ്‌നങ്ങളെല്ലാം, ഒന്നൊന്നായി നേടിയെടുത്ത് വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് കുതിക്കുന്ന താരമാണ് പ്രഥ്വിരാജ്.

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ എല്ലാ മേഖലയിലും നിരവധി പ്രതീക്ഷകളാണ് പ്രഥ്വിരാജ് നിലനിര്‍ത്തുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാള സിനിമയിലെ ഓള്‍ റൗണ്ടറായ പ്രഥ്വിരാജിന്റെ 2023ല്‍ വരാന്‍ പോകുന്ന സിനിമകളിലേക്ക് നമുക്കൊന്ന് പോയിവരാം.

 

2023ല്‍ പ്രക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരത്തിന്റെ സിനിമയാണ് എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍. ചരിത്ര പശ്ചാതലത്തില്‍ ഒരുക്കിയിട്ടുള്ള ഒരു ബ്രഹ്മാണ്ഡ സിനിമയാണ് കാളിയനെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ പറയുന്നത്. മലയാള സിനിമയിലും കെ.ജി.എഫ് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനാണ് താനെന്ന് പണ്ടേ പറഞ്ഞ പ്രഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം മലയാള സിനിമാ പ്രേക്ഷര്‍ക്ക് നല്‍കുന്ന പ്രതീക്ഷയുടെ വലിപ്പം ചെറുതൊന്നുമല്ല.

ഓര്‍ഡിനറി, അനാര്‍ക്കലി പോലെയുള്ള ജനപ്രിയ ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച മാജിക് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് കാളിയന്‍ പുറത്തിറങ്ങുന്നത്. അന്യഭാഷയിലെ ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് കിട്ടുന്ന ജനപിന്തുണ ഇതിനും കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഏറെ നാളുകളായി സിനിമാ പ്രേമികള്‍ കാത്ത് കാത്തിരിക്കുന്ന ആടുജീവിതമാണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റൊരു സിനിമ. മലയാളി വായനാലോകം ഇരുകയ്യും നീട്ടി സ്വീകരിച്ച ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമയാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. സിനിമക്കുമേല്‍ വന്നുചേരുന്ന പ്രതീക്ഷകളുടെ മറ്റൊരു പ്രധാന കാരണം സംവിധായകന്‍ തന്നെയാണ്.

സിനിമയിലെ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തിന് വേണ്ടി പ്രഥ്വിരാജ് നടത്തിയ മേക്കോവര്‍ അത്ഭുതകരമായിരുന്നു. നോവല്‍ പോലെ തന്നെ പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ഇറങ്ങിചെല്ലാന്‍ സിനിമക്ക് കഴിഞ്ഞാല്‍, പ്രഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഒരു നാഴിക കല്ലായിരിക്കുമത് എന്നുറപ്പാണ്.

താരത്തിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന അടുത്ത സിനിമയാണ് വിലായത്ത് ബുദ്ധ. ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധയെന്ന നോവലിനെ ആസ്പദമാക്കി ചെയ്യുന്ന സിനിമയാണിത്. നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഡബിള്‍ മോഹനന്‍ എന്ന കുപ്രസിദ്ധ ചന്ദനക്കൊള്ളക്കാരനായിട്ടാണ് പ്രഥ്വിരാജെത്തുന്നത്. പ്രണയവും രതിയും പകയും സംഘര്‍ഷം തീര്‍ക്കുന്ന പശ്ചാത്തലത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഉര്‍വശി തിയേറ്ററിന്റെ ബാനറില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമ മറ്റൊരു സിനിമാ അനുഭവമായിക്കും സമ്മാനിക്കുക.

കെ.ജി.എഫ്2 എന്ന സൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സലാര്‍. സലാറിലൂടെ നായകനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണിപ്പോള്‍ പ്രഥ്വിരാജ്. അടുത്ത വര്‍ഷം സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാള സിനിമയെ വാനോളമെത്തിക്കാന്‍ കെല്‍പ്പുള്ള ഒരു നടന്റെ അടുത്ത ചുവടായി നമുക്ക് ഇതിനെ കാണാം.

ശങ്കര്‍ ദാമോദരന്റെ സംവിധാനത്തില്‍ അടുത്ത വര്‍ഷം പുറത്തിറങ്ങാനൊരുങ്ങുന്ന അയ്യപ്പന്‍ എന്ന ഡിവോഷ്ണല്‍ സകിനിമയുള്‍പ്പടെ നിരവധി സിനിമകളാണ് 2023ലേക്കായി താരം ഒരുക്കി വെച്ചിരിക്കുന്നത്.

അഭിനയിക്കുന്ന സിനിമകള്‍ക്ക് പുറമെ സംവിധാനത്തിലും തിളങ്ങിയ താരത്തിന്റെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളാണ് പ്രക്ഷകര്‍ 2023ല്‍ പ്രതീക്ഷിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം ഇറങ്ങുമെന്ന് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. വലിയ പ്രതീകഷകളോടെയാണ് സിനിമാ പ്രേക്ഷകരും, മോഹന്‍ലാല്‍ ആരാധകരും എമ്പുരാന് വേണ്ടി കാത്തിരിക്കുന്നത്.

ഈ സിനിമക്ക് പുറമേ ടൈസണ്‍ എന്ന സിനിമയും അടുത്ത വര്‍ഷം വരുമെന്നാണ് കരുതുന്നത്. പൊളിറ്റിക്കല്‍ ഡ്രാമയായ ചിത്രത്തില്‍ സംവിധാനത്തിന് പുറമേ നായകനായും പ്രഥ്വിരാജ് തന്നെയാണ് അഭിനയിക്കുന്നത്.

ആദ്യം പറഞ്ഞതുപോലെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രഥ്വിരാജ് മാജിക്ക് അഭിനയത്തിലും സംവിധാനത്തിലും മാത്രമല്ല, നിര്‍മാണത്തിലും വിജയത്തിന്റെ അസാനവാക്കാണ്. 2023 എന്ന വര്‍ഷത്താില്‍ പ്രഥ്വിരാജ് തെരഞ്ഞെയുത്ത സിനിമകള്‍ വിജയിച്ചാല്‍ , സംശയമില്ലാതെ നമുക്ക് പറയാം. വിജയങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ അയാള്‍ തന്നെയാണെന്ന്.

 

content highlight: upcoming movies of actor prithviraj sukumaran