| Saturday, 18th September 2021, 3:38 pm

പുഷ്പയ്ക്ക് പിന്നാലെ അല്ലുവിനെ കാത്ത് മുരുഗദാസും കെ.ജി.എഫ് സംവിധായകനും; അണിയറയിലൊരുങ്ങുന്നത് 5 വമ്പന്‍ ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച നടനാണ് അല്ലു അര്‍ജുന്‍. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മാത്രം കേരളത്തില്‍ സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിക്കാന്‍ സാധിച്ച താരമാണ് അല്ലു. കേവലം പോസ്റ്ററിലെ ചിത്രം കൊണ്ട് തിയേറ്ററുകളിലേക്ക് ആരാധകരെയെത്തിക്കാന്‍ അല്ലുവിന് സാധിച്ചു എന്ന് മനസിലാക്കുമ്പോള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ അല്ലു അര്‍ജുന്‍ സൃഷ്ടിച്ച തരംഗം ചില്ലറയായിരുന്നില്ല എന്ന് വ്യക്തമാവും.

2003ല്‍ ഗംഗോത്രിയിലൂടെയാണ് അല്ലു തന്റെ അഭിനയജിവിതം ആരംഭിച്ചതെങ്കിലും 2004ല്‍ പുറത്തിറങ്ങിയ ആര്യയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ത്രൂ നല്‍കിയത്. ഇപ്പോള്‍ മലയാളി താരം ഫഹദ് പ്രതിനായകനായെത്തുന്ന പുഷ്പയുടെ ചിത്രീകരണത്തിലാണ് അല്ലു.

പുഷ്പയ്ക്ക് ശേഷം താരത്തിന് നിന്ന് തിരിയാന്‍ സമയം കിട്ടില്ല എന്ന തരത്തിലാണ് അല്ലുവിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. പുഷ്പയ്ക്ക് പിന്നാലെ ഏകദേശം 5 സിനിമകളാണ് താരത്തിന്റെതായി പുറത്ത് വരാനുള്ളത്.

സംവിധായകന്‍ വേണു ശ്രീരാമിനൊപ്പമുള്ള ആദ്യ സിനിമയായ ഐക്കണ്‍ ആണ് പുതുതായി ചിത്രീകരണം ആരംഭിക്കാനുള്ളത്. പൂജ ഹെഗ്‌ഡെ, കൃതി ഷെട്ടി എന്നിവരാവും അല്ലുവിന്റെ നായികമാരായി എത്തുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്റെ കീഴില്‍ ദില്‍ രാജാണ് ചിത്രം നിര്‍മിക്കുന്നത്.

സാരിനോടുവിന് ശേഷം ബോയപ്പെട്ടി ശ്രീനുവിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് അടുത്തത്. മികച്ച നായകനും മികച്ച സംവിധായകനും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്. മാസ് മസാല ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് സിനിമ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളോ വിവരങ്ങളോ ഇതുവരെ പുറത്തു വന്നിട്ടില്ല.

കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം താരം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അടുത്തത്. കെ.ജി.എഫിന്റെ ബ്ലോക്ക് ബസ്റ്റര്‍ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും അല്ലുവിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനത ഗാരേജിന്റെ സംവിധായകന്‍ കൊരട്ടാല ശിവയുമായി കൈകോര്‍ക്കുന്ന മറ്റൊരു ചിത്രവും വരുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയിലും ചര്‍ച്ചകള്‍ സജീവമാണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

തൊട്ടതെല്ലാം പൊന്നാക്കിയ മുരുഗദാസിനൊപ്പമാണ് അല്ലുവിന്റെ അടുത്ത ചിത്രം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: upcoming films of Allu Arjun

We use cookies to give you the best possible experience. Learn more