Entertainment news
എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ; ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമാ വിശേഷങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 06, 08:22 am
Monday, 6th September 2021, 1:52 pm

കൊച്ചി: നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’ എന്ന ചിത്രത്തിലൂടെ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച താരം തിങ്കളാഴ്ച തന്റെ 31ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വനടക്കം ഒരു പിടി മികച്ച ചിത്രങ്ങളാണ് ഇനി താരത്തിന്റേതായി പുറത്തു വരാനുള്ളത്. പൊന്നിയന്‍ സെല്‍വനില്‍ ഒരു സ്വീറ്റ് റോളാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ചിത്രത്തിലെ ഐശ്വര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു.

മായാനദിക്ക് ശേഷം ടൊവിനോയോടൊപ്പം ഒന്നിക്കുന്ന ചിത്രമായ ‘കാണെക്കാണെ’യാണ് താരം നായികയാകുന്ന മറ്റൊരു ചിത്രം. ഉയരെയുടെ സംവിധായകനായ മനു അശോകന്റേണ് ചിത്രം. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘കുമാരി’യാണ് ഐശ്വര്യയുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു. ‘എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയ ഒരു കഥ… കഥപറച്ചിലിന്റെ ആദ്യകാല ഓര്‍മ്മകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന ഒരു കഥ…’ എന്ന കുറിപ്പോടെയാണ് താരം മോഷന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവെച്ചത്.

മറ്റൊരു ചിത്രമായ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് ഐശ്വര്യയെത്തുന്നത്. മുഴുനീള കോമഡി ചിത്രമാണെന്നാണ് അര്‍ച്ചന 31 നോട്ട് ഔട്ട് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയെ കുറിച്ച് പറയുന്നത്.

മലയാളത്തിനും തമിഴിനും ശേഷം തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് താരം. ഗോപി ഗണേഷ് പട്ടാഭിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഗോഡ്‌സേ’യിലൂടെയാണ് ഐശ്വര്യ തെലുങ്ക് അഭ്രപാളിയിലേക്ക് പുതിയ കാല്‍വെയ്പിനൊരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Upcoming Films of  Aiswarya Lakshmi