തമിഴ് സിനിമയില്‍ ഇനി ക്രിക്കറ്റ് സീസണ്‍
Entertainment
തമിഴ് സിനിമയില്‍ ഇനി ക്രിക്കറ്റ് സീസണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd January 2024, 5:46 pm

ക്രിക്കറ്റിന് ഏറ്റവും വേരോട്ടമുള്ള സ്ഥലമാണ് ഇന്ത്യ. ക്രിക്കറ്റ് സംബന്ധിച്ച സിനിമകള്‍ക്കും എന്നും സ്വീകാര്യതയുണ്ട്. 2001ല്‍ ഇന്ത്യയില്‍ ക്രിക്കറ്റിന്റെ തുടക്കത്തിനെപ്പറ്റി പറഞ്ഞ ലഗാന്‍ മുതല്‍ കഴിഞ്ഞ വര്‍ഷം റിലീസായ ഘൂമര്‍ എന്ന സിനിമ വരെ ലിസ്റ്റ് നീളുന്നു. എന്നാല്‍ ഈ വര്‍ഷം ക്രിക്കറ്റ് പ്രമേയമായി വരുന്ന സിനിമകളുടെ കാര്യത്തില്‍ തമിഴ് ഇന്‍ഡസ്ട്രിയാണ് മുന്നില്‍. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി രണ്ട് സിനിമകള്‍ തയാറെടുക്കുന്നുണ്ട്.

പാ.രഞ്ജിതിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ബ്ലൂ സ്റ്റാറാണ് ആദ്യ റിലീസ്. അശോക് സെല്‍വന്‍, ശാന്തനു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ ചെന്നൈയിലെ ആര്‍ക്കോണത്തെ രണ്ട് ക്രിക്കറ്റ് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരത്തിന്റെ കഥയാണ് പറയുന്നത്‌. നവാഗതനായ ജയകുമാറാണ് ബ്ലൂ സ്റ്റാറിന്റെ സംവിധായകന്‍.

കീര്‍ത്തി പാണ്ഡ്യനാണ് ചിത്രത്തിലെ നായിക. അശോക് സെല്‍വന്‍-കീര്‍ത്തി പാണ്ഡ്യന്‍ ജോഡികളുടെ കല്യാണത്തിന് ശേഷമുള്ള ആദ്യ സിനിമ എന്ന പ്രത്യേകതയും ബ്ലൂ സ്റ്റാറിനുണ്ട്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ റെയിലിന്‍ ഒളികള്‍ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ജനുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാമാണ് മറ്റൊരു ചിത്രം. ക്രിക്കറ്റിനോടൊപ്പം ഹിന്ദു-മുസ്ലീം ബന്ധവും മുഖ്യ പ്രമേയമാണെന്ന് ടീസറില്‍ ചില സൂചനകള്‍ തന്നിരുന്നു. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രത്തില്‍ രജിനികാന്ത് അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. സെന്തില്‍, തമ്പി രാമയ്യ, കെ.എസ് രവികുമാര്‍ എന്നുവരും ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്‌മാനാണ് സംഗീതം. ജനുവരി 12ന് റിലീസ് പ്ലാന്‍ ചെയ്ത ലാല്‍ സലാം ചില സാങ്കേതിക കാരണങ്ങളാല്‍ ഫെബ്രുവരി ഒമ്പതിലേക്ക് റിലീസ് മാറ്റി.

ഇതിനു പുറമെ ഹരീഷ് കല്യാണ്‍, ആട്ടക്കത്തി ദിനേശ് എന്നിവര്‍ അഭിനയിക്കുന്ന ലബ്ബര്‍ പന്ത്, സിദ്ധാര്‍ത്ഥ്, നയന്‍താര, മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ടെസ്റ്റ് എന്നീ സിനിമകളും ക്രിക്കറ്റ് സംബന്ധിച്ച സിനിമകളാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്തായാലും തമിഴ് സിനിമയിലെ ക്രിക്കറ്റ് സീസണ് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Upcoming Cricket based movies in Kollywood