| Wednesday, 29th December 2021, 11:56 pm

വരാനിരിക്കുന്നത് കൊവിഡ് സുനാമി; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡബ്ല്യു.എച്ച്.ഒ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെനീവ: സുനാമി പോലെ ഒമിക്രോണ്‍ വ്യാപകമായി പടരുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പല രാജ്യങ്ങളിലേയും ആരോഗ്യ മേഖലകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇതിനു സാധിക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം പറഞ്ഞു.

ഡെല്‍റ്റ വൈറസിന്റെയും ഒമിക്രോണിന്റെയും വകഭേദങ്ങള്‍ കൂടിച്ചേരുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും ഒരുപാട് ആളുകളെ മരണത്തിലേക്ക് നയിക്കാന്‍ ഇതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് കൊവിഡ് കേസുകള്‍ 11 ശതമാനമാണ് കഴിഞ്ഞ ആഴ്ച വര്‍ധിച്ചത്. അമേരിക്കയിലും ഫ്രാന്‍സിലും ഏറ്റവും കൂടിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.

‘ഡെല്‍റ്റ പോലെതന്നെ ഒമിക്രോണ്‍ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇത് കൊവിഡ് സുനാമിയിലേക്കാണ് നമ്മളെ നയിക്കുന്നത്,” ടെഡ്രോസ് അദാനോം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ പ്രവര്‍ത്തകരെ ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഇപ്പോള്‍ തന്നെ മന്ദഗതിയിലുള്ള ആരോഗ്യ സംവിധാനം തകരുമന്നും ടെഡ്രോസ് പറഞ്ഞു.

ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് കൂടുന്നതായും ഒമിക്രോണ്‍ വകഭേദം വാക്സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒമിക്രോണ്‍ വ്യാപനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രാലയമാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയക്കുകയായിരുന്നു. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കര്‍ശനമായി പിന്തുടരാനാണ് നിര്‍ദ്ദേശം.

ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട് തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വരുന്നത്. രാത്രി 11 മണി തൊട്ട് രാവിലെ 5 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുക.

യു.പിയിലും ശനിയാഴ്ച മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കല്യാണത്തിനും മറ്റ് പരിപാടികള്‍ക്കും 200 ല്‍ അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

മധ്യപ്രദേശിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാത്രി 11 മണി മുതല്‍ 5 മണിവരെയാണ് മധ്യപ്രദേശില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലും ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 10 മണിക്ക് അടക്കണം. പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാവില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Upcoming covid Tsunami; WHO warns world powers

We use cookies to give you the best possible experience. Learn more