അഭിനയം, സംവിധാനം, നിര്‍മാണം, ഗായകന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച പൃഥ്വിരാജിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണ് ഉളളത്.
അടുത്തിടെ തെന്നിന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങളും താരങ്ങളും പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് ഉയരുമ്പോള്‍ മലയാളത്തില്‍ അങ്ങനെ ആര് വരും എന്ന ചോദ്യം പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തിന് പ്രേക്ഷകര്‍ തന്നെ നല്‍കുന്ന ഉത്തരം പൃഥ്വിരാജിന്റെ പേരാണ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ഈ നിരയില്‍ ആദ്യസ്ഥാനത്ത് നില്‍ക്കുന്നത് ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആടുജീവിതമാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന പേരിലുള്ള നോവലാണ് സിനിമയായി ഒരുങ്ങുന്നത്. ‘നജീബ്’ എന്ന കഥാപാത്രമാകാന്‍ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
30 കിലോയോളം ശരീരഭാരം കുറച്ചും താടി വളര്‍ത്തിയുമാണ് ആടുജീവിതത്തില്‍ പൃഥ്വിരാജ് എത്തുന്നത്. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ വൈറലായിരുന്നു. എന്നാല്‍ ആടുജീവിതത്തിലെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് താരം പറയുന്നത്. കൊവിഡും മറ്റ് കാരണങ്ങളാലും ചിത്രീകരണം നീണ്ടു പോകുന്ന ആടുജീവിതത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ഗോള്‍ഡാണ് മറ്റൊരു ചിത്രം. നയന്‍താരയും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കടുവക്കും പ്രതീക്ഷകള്‍ ഏറെയാണ്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സിനിമയില്‍ അഭിനയിക്കുന്നത്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമായ കാപ്പയാണ് അടുത്തത്. ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവെല്ലയെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ഇത്. ഇന്ദുഗോപന്റേതു തന്നെയാണ് തിരക്കഥയും.
തിയറ്റര്‍ ഓഫ് ഡ്രീംസിനൊപ്പം ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ കൂടി നിര്‍മ്മാണ പങ്കാളികളാവുന്ന സിനിമയാണിത്. മഞ്ജു വാര്യരും പൃഥ്വിരാജും ആദ്യമായാണ് മുഴുനീള കഥാപാത്രങ്ങളായി ഒരു ചിത്രത്തില്‍ ഒരുമിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് കാപ്പക്ക്.
അന്തരിച്ച സംവിധായകന്‍ സച്ചിയുടെ സ്വപ്നചിത്രമായ വിലായത്ത് ബുദ്ധ കഴിഞ്ഞ വര്‍ഷമാണ് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. ജി.ആര്‍. ഇന്ദുഗോപന്റെ തന്നെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവല്‍ ആണ് അതേപേരില്‍ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് സംവിധാനം ചെയ്യുന്നത്.
എസ്. മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ പ്രഖ്യാപന സമയത്ത് തന്നെ വലിയ ശ്രദ്ധയാണ് നേടിയത്. പ്രഖ്യാപനം കഴിഞ്ഞിട്ട് നാല് വര്‍ഷമായെങ്കിലും കൊവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ട് ഇതുവരെ തുടങ്ങാനായിട്ടില്ല. ആടുജീവിതം കഴിഞ്ഞിട്ട് കാപ്പ, വിലായത്ത് ബുദ്ധ എന്നീ രണ്ട് ചിത്രങ്ങളള്‍ കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും പൃഥ്വിരാജ് കാളിയനിലേക്ക് എത്തുക.
Content Highlight: Upcoming big projects of Prithviraj sukumaran aadujeevitham, kaduva, kaliyan