| Friday, 7th December 2012, 3:38 pm

വിദേശ നിക്ഷേപം: രാജ്യസഭയിലും സര്‍ക്കാറിന് ജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചില്ലറ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് രാജ്യസഭയിലും പച്ചക്കൊടി. മുലായം സിങ്ങിന്റെ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തതോടെ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ വിചാരിച്ചത് പോലെ നടക്കുകയായിരുന്നു.[]

വിദേശ നിക്ഷേപത്തിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന് എതിരായി 123 പേര്‍ വോട്ട് രേഖപ്പെടുത്തി. വെറും 109 വോട്ടുകള്‍ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.

കഴിഞ്ഞ ദിവസം പ്രമേയം ലോകസഭയിലും പാസ്സാക്കിയിരുന്നു. ലോകസഭയില്‍ വോട്ടിനിട്ട പ്രമേയം 253 വോട്ട് നേടി സര്‍ക്കാര്‍ പരാജയപ്പെടുത്തുകയായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തന്നെയായിരുന്നു ഇന്നലേയും സര്‍ക്കാരിനെ തുണച്ചത്.

ബി.എസ്.പി അംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു.  രാജ്യസഭയില്‍ ആദ്യം ഇലക്‌ട്രോണിക്‌സ് വോട്ടെ
ടുപ്പ് നടത്തിയപ്പോള്‍ ചില അംഗങ്ങള്‍ ചെയ്ത വോട്ട് രേഖപ്പെടുത്തിയില്ലെന്നു പരാതിയുയര്‍ന്നതിനെ തുടര്‍ന്നു രണ്ടാമതും വോട്ടെടുപ്പ് നടത്തുകയായിരുന്നു.

രാജ്യസഭയില്‍ യു.പി.എ ന്യൂനപക്ഷമായതിനാല്‍ ഇവിടെ ഭൂരിപക്ഷം നേടുകയെന്നത്  സര്‍ക്കാരിനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു.

വിദേശനാണ്യ വിനിമയ മാനേജ്‌മെന്റ് നിയമ (ഫെമ) ഭേദഗതിക്കെതിരായ പ്രമേയ വോട്ടെടുപ്പിലും യുപിഎ വിജയിച്ചിരുന്നു. 224നെതിരേ 254 വോട്ടുകള്‍ക്കാണു തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമേയം തള്ളിയത്.

We use cookies to give you the best possible experience. Learn more