[]ന്യൂദല്‍ഹി: കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതി റിപ്പോര്‍ട്ടുകളില്‍ ചിലരെ ഒഴിവാക്കാന്‍ യു.പി.എ സര്‍ക്കാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന് മുന്‍ സി.എ.ജി വിനോദ് റായ്. ടൈം ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് റായ് വെളിപ്പെടുത്തല്‍ നടത്തിയത്. വിനോദ് റായ് രചിച്ച പുസ്തകം ” നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്” സെപ്റ്റംബര്‍ 15ന് പുറത്തിറങ്ങാനിരിക്കേയാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
രാഷ്ട്രീയ നേതാക്കള്‍ തന്റെ വീട്ടില്‍ വരികയും ചിലരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തന്റെ സഹപ്രവര്‍ത്തകരെയും സമ്മര്‍ദത്തിലാക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ തന്റെ പുസ്തകത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് പ്രധാനമന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി സ്വയം പറഞ്ഞ “കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമ്മര്‍ദ”ത്തിന് മുന്നില്‍ അദ്ദേഹം എങ്ങനെയാണ് മുട്ടുമടക്കിയതെന്ന് തന്റെ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അധികാരത്തില്‍ തുടരാന്‍ വേണ്ടി മാത്രം എല്ലാം ബലികൊടുക്കുന്നത് ശരിയല്ല. കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ സമര്‍ദത്തിന് മുന്നില്‍ ബലികൊടുക്കാനുള്ളതല്ല ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റില്‍ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ വാദം കേള്‍ക്കുന്ന സമയത്താണ് തനിക്ക് കോണ്‍ഗ്രസില്‍ നിന്നും ഏറ്റവുമധികം സമ്മര്‍ദം നേരിടേണ്ടി വന്നതെന്നും വിനോദ് റായ് പറഞ്ഞു.
റായ് സമപ്പിച്ച സി.എ.ജി റിപ്പോര്‍ട്ടുകള്‍ യു.പി.എയുടെ പാരമ്പര്യത്തെ കളങ്കപ്പെടുത്തുകയും പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സഹായകമാവുകയും ചെയ്തിരുന്നു.