ന്യൂദല്‍ഹി: ചില്ലറ മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച വോട്ടിങ്ങില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ അംഗങ്ങള്‍ക്ക് കോഴ നല്‍കിയെന്ന് പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. സി.എന്‍.എന്‍-ഐ.ബി.എന്നില്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ കോഴ നല്‍കിയാണ് പാര്‍ലമെന്റില്‍ വിജയിച്ചിരിക്കുന്നതെന്നാരോപിച്ചിരിക്കുന്നത്.[]
വോട്ടിങ്ങില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ അമിതമായി എന്തെങ്കിലും ചെയ്‌തെന്ന് വിശ്വസിക്കുന്നുണ്ടെന്നും അത് ഒരുപക്ഷേ, ഭീഷണിയോ, കൈക്കൂലിയോ അതല്ലെങ്കില്‍ എന്തെങ്കിലും വാഗ്ദാനമോ ആവാമെന്നും യച്ചൂരി ആരോപിക്കുന്നു.
1993 ല്‍ ലോകസഭയില്‍ നരസിംഹ റാവു അവിശ്വാസപ്രമേയത്തെ മറികടന്നതും 2008 ല്‍ മന്‍മോഹന്‍ സിങ് ആണവകരാര്‍ പാസാക്കിയതും ഇങ്ങനെ കൈക്കൂലി നല്‍കിയിട്ടായിരുന്നു. ഇതെല്ലാവരും കണ്ടതാണ്. ഈ അനുഭവത്തില്‍ നിന്നാണ് താന്‍ പറയുന്നതെന്നും യച്ചൂരി പറഞ്ഞു.
ചില്ലറ മേഖലയിലെ വിദേശ നിക്ഷേപത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ വിജയിച്ചിരുന്നു. വിദേശ നിക്ഷേപത്തിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം 109 നെതിരെ 123 വോട്ടുകള്‍ക്കായിരുന്നു സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്.
ലോകസഭയില്‍ വോട്ടിനിട്ട പ്രമേയം 253 വോട്ട് നേടിയും സര്‍ക്കാര്‍ വിജയിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും തന്നെയായിരുന്നു ഇരുസഭകളിലും യു.പി.എ സര്‍ക്കാരിന്റെ വിജയത്തില്‍ നിര്‍ണായക ഘടകമായത്.
ലോകസഭയില്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ എസ്.പിയും ബി.എസ്.പിയും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
രാജ്യസഭയില്‍ എസ്.പി വോട്ടിങ് സമയത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും മായാവതിയുടെ ബി.എസ്.പി സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു.