Advertisement
national news
കിട്ടാക്കടങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ്: 'ഫോണ്‍-എ-ലോണ്‍ പദ്ധതി' സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 01, 02:38 pm
Saturday, 1st September 2018, 8:08 pm

ന്യൂദല്‍ഹി: ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടങ്ങള്‍ക്കു കാരണം യു.പി.എ സര്‍ക്കാരിന്റെ “ഫോണ്‍-എ-ലോണ്‍ പദ്ധതി”യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണ്‍ കോള്‍ വഴി നിര്‍ദ്ദേശം നല്‍കി ഇഷ്ടക്കാര്‍ക്ക് ലോണ്‍ അനുവദിക്കുന്ന പദ്ധതി നിലവിലുണ്ടായിരുന്നെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം.

വംശാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ താല്‍പര്യപ്രകാരം നല്‍കിയിട്ടുള്ള ഓരോ ചില്ലിപ്പൈസയും തിരികെയെടുക്കുമെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.

ഒരു പ്രത്യേക കുടുംബത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചില സമ്പന്നര്‍ക്കാണ് കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്തു വിതരണം ചെയ്ത ലോണുകളെല്ലാം ലഭിച്ചത്. മുതലാളിമാരുടെ ഫോണ്‍കോളുകള്‍ക്കനുസരിച്ചാണ് ലോണുകള്‍ പാസ്സാക്കിയിരുന്നതെന്നും പ്രധാനമന്ത്രി പറയുന്നു. ആരേയും പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം.

“ലോണുകള്‍ ഒരിക്കലും തിരിച്ചടയ്ക്കപ്പെടില്ലെന്നറിഞ്ഞിട്ടും ഒരു കുടുംബത്തിന്റെ മാത്രം ആജ്ഞകള്‍ക്കനുസരിച്ച് ബാങ്കുകള്‍ പണം നല്‍കുകയായിരുന്നു.” മോദി ആരോപിക്കുന്നു. തപാല്‍ വകുപ്പിന്റെ പേയ്‌മെന്റ് ബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Also Read: രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസ്; സുപ്രീംകോടതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് പത്രസമ്മേളനം നടത്തിയ ജഡ്ജിമാരില്‍ രണ്ടാമന്‍

 

2014ല്‍ അധികാരത്തിലേറിയപ്പോള്‍ത്തന്നെ എന്‍.ഡി.എ സര്‍ക്കാര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിരുന്നെന്നും വായ്പകള്‍ തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു. “ഒരു കുഴിബോംബിനു മേലെയാണ് കോണ്‍ഗ്രസ് നമ്മുടെ സമ്പദ് വ്യവസ്ഥയെ സ്ഥാപിച്ചത്. നിഷ്‌ക്രിയാസ്തികളുടെ വ്യക്തമായ ചിത്രവും മുന്‍ സര്‍ക്കാരിന്റെ അഴിമതികളും ഞങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടുണ്ട്.”

ലോണ്‍ തിരിച്ചടയ്ക്കാത്തവരില്‍ മുന്‍പന്തിയിലുള്ള 12 പേര്‍ ആകെ 1.75 ലക്ഷം കോടിയാണ് നല്‍കാനുള്ളതെന്നും, ഇവര്‍ക്കാര്‍ക്കും തങ്ങളുടെ സര്‍ക്കാര്‍ വായ്പകള്‍ നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.